ചാലോട്: പനയത്താം പറമ്പിൽ ഓണത്തിന് മുന്നോടിയായി കാക്ക പൂ വിരിഞ്ഞു. റോഡരികിലെ വിശാലമായ മൈതാനത്തും. തൊട്ടരികിലെ വിജനമായ പ്രദേശങ്ങളിലെ പാറക്കൂട്ടങ്ങൾക്കിടെയിലുമാണ് കാക്കപ്പൂക്കൾ വിരിഞ്ഞത്. വാഹനങ്ങൾ കയറിയിറങ്ങാത്ത മനുഷ്യരുടെ പാദ സ്പർശമേൽക്കാത്ത സ്ഥലങ്ങളിലാണ് കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. വൈകുന്നേരങ്ങളിൽ മനോഹരമായ പൂക്കളുടെ വസന്തം കാണാൻ നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്.
വിശാലമായ പുൽമേടുകൾ നശിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന സ്ഥലങ്ങളിൽ കാക്ക പൂക്കൾ വിരിയുന്നത് നയന മനോഹരമായ കാഴ്ച്ചയാണ്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കാക്കപ്പൂക്കൾ വിരിയുന്നത് പരിസ്ഥിതി പ്രാധാന്യമുള്ള മാടായിപാറയിലാണ്. ഇതു കാണാനായി നൂറ് കണക്കിനാളുകളാണ് പ്രകൃതിയൊരുക്കിയ വിനോദ സഞ്ചാര കേന്ദ്രമായ മാടായിപാറയിൽ നിത്യവുമെത്തുന്നത്.
പാറക്കെട്ടുകളും പുൽമേടുകളുമുള്ള പ്രദേശങ്ങളിലാണ് മൺസൂൺ കാലത്തിൻ്റെ അവസാന നാളുകളിൽ ചിങ്ങമാസത്തെ വിളംബരം ചെയ്തു കൊണ്ടു കാക്കപ്പുകൾ വിരിയുന്നത്. കണ്ണൂർ വിമാനതാവളത്തിന് തൊട്ടടുത്ത പ്രദേശങ്ങളിലൊന്നാണ് പനയത്താം പറമ്പ് വിമാന താവളം വന്നതോടെ പ്രകൃതി രമണീയമായ ഈ പ്രദേശം ടൗൺ ഷിപ്പായി മാറി കൊണ്ടിരിക്കുകയാണ്.