മതപരിവര്‍ത്തന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ പോലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മതപരിവര്‍ത്തന കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള നിയമസംവിധാനം കൊണ്ടുവരും. മതപരിവര്‍ത്തനത്തില്‍ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നിഷ്‌കളങ്കരായ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ പ്രതികള്‍ക്ക് വധശിക്ഷയുറപ്പാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. മതപരിവര്‍ത്തന കേസുകളിലും സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരും', മോഹന്‍ യാദവ് പറഞ്ഞു.
മോഹന്‍ യാദവിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മതപരിവര്‍ത്തനം ഭരണാഘടനാപരമായ അവകാശമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെങ്കില്‍ ശിക്ഷ എല്ലാ മതസ്ഥര്‍ക്കും തുല്യമായി നടപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആരിഫ് മസൂദ് ചൂണ്ടിക്കാട്ടി.