ഈ വർഷം തന്നെ തന്റെ എക്കാലത്തെയും വലിയ സ്വപ്നമായ ‘മഹാഭാരതത്തി’ന്റെ സിനിമാ രൂപം സംഭവിക്കും എന്ന് ആമിർ ഖാൻ. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാൻ ചിത്രത്തെ പറ്റി വാചാലനായത്. മഹാഭാരതം പോലെയൊരു ഇതിഹാസ കാവ്യത്തെ ഒറ്റ ചിത്രത്തിൽ മുഴുവനായി പറയാൻ സാധിക്കിലായെന്നതിനാൽ ഒന്നിലധികം ചിത്രങ്ങളുള്ളൊരു പരമ്പര സൃഷ്ടിക്കാനാണ് തന്റെ ലക്ഷ്യമെന്നും ആമിർ ഖാൻ പറഞ്ഞു.
“ലോർഡ് ഓഫ് ദി റിങ്സ്’ ചിത്രങ്ങൾ പോലെ പല സംവിധായകരെ വെച്ച് ഒരേ സമയം ചിത്രങ്ങൾ ചിത്രീകരിക്കാനാണ് ഞാൻ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ രചനയും പ്രീ പ്രൊഡക്ഷനും ഈ വർഷം തന്നെ ആരംഭിക്കും. മഹാഭാരതം ഞാൻ തന്നെ നിർമ്മിക്കും, ചിത്രത്തിൽ അഭിനയിക്കണോ വേണ്ടേ, എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല” ആമിർ ഖാൻ പറയുന്നു.
പരമ്പരയിലെ ഏതെങ്കിലും ഒരു ചിത്രം ആമിർ ഖാൻ തന്നെ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്മുൻപ് താരം സംവിധാനക്കുപ്പായമണിഞ്ഞത് 2007ൽ റിലീസ് ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ ‘താരേ സമീൻ പർ’ൽ ആയിരുന്നു. ലഗാൻ, ദങ്കൽ, പീപ്ലി ലിവ് എന്നീ ചിത്രങ്ങളിൽ ക്രിയേറ്റിവ് ഡയറക്റ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഇന്ത്യയ്ക്ക് മാത്രം സ്വന്തമായുള്ള അമൂല്യമായ പുരാണ കഥകളെല്ലാം സിനിമാരൂപത്തിൽ ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ചും താരം വാചാലനായി. ആമിർ ഖാൻ അഭിനയിച്ച രാജ്‌കുമാർ ഹിറാനിയുടെ ‘PK’ എന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ ഹിന്ദു മതത്തെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. അതിനെ പിൻപറ്റി സോഷ്യൽ മീഡിയയിൽ ചെറുതല്ലാത്ത എതിർപ്പും ആമിർ ഖാന്റെ മഹാഭാരത സ്വപ്നത്തിനെതിരെ ഉയരുന്നുണ്ട്