മഹാരാഷ്ട്രയിലെ പുതിയ നിയമം സ്വന്തമായൊരു കാറെന്ന സ്വപ്നത്തിന് വലിയ വെല്ലുവിളിയാകുന്നു . വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും പരിഹരിക്കുന്നതിനായി, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് നിയുക്ത പാർക്കിംഗ് സ്ഥലത്തിന്റെ തെളിവ് മഹാരാഷ്ട്ര സർക്കാർ ഉടൻ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.
മഹാരാഷ്ട്രയിൽ കാർ വാങ്ങുന്നവർക്ക് പുതിയ നിയമം തടസ്സമായേക്കാം. കാർ വാങ്ങുന്നതിനുമുമ്പ് പാർക്കിംഗ് സ്ഥലത്തിന്റെ തെളിവ് നൽകേണ്ടി വരുന്നത് വലിയൊരു വിഭാഗത്തിന് വെല്ലുവിളിയാകും. ഈ പുതിയ ഗതാഗത നയം യാത്ര സുഗമമാക്കാൻ സഹായിക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. പ്രത്യേകിച്ച് മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ (എംഎംആർ). പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കുന്നതിൽ സംസ്ഥാന സർക്കാർ പദ്ധതിയുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വികസന നിയമങ്ങൾ പാലിക്കണമെന്നും, ഡെവലപ്പർമാർ ഫ്ലാറ്റുകളിൽ പാർക്കിംഗ് സൗകര്യം നൽകണമെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട നഗരസഭയിൽ നിന്നുള്ള പാർക്കിംഗ് സ്ഥലം അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നയാൾക്ക് ഇല്ലെങ്കിൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ലെന്ന നിലപാട് കടുപ്പിക്കയാണ് മഹാരാഷ്ട്ര സർക്കാർ.