നടി ശ്വേത മേനോനെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. അമ്മ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്‌ക്കെതിരെ വിചിത്രമായ ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജർ രവി പ്രതികരിച്ചത്.
‘‘ശ്വേതയുടെ അച്ഛൻ എയർഫോഴ്സിൽ ഉണ്ടായിരുന്ന ആളാണ്. ഞാനെന്റെ സ്വന്തം സഹോദരിയെപ്പോലെയും മകളെപ്പോലും കാണുന്ന ആളാണ് ശ്വേത. വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താടീ ഇതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. ‘എനിക്ക് 13 വയസ്സുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ, തന്നെ പോക്സോ കേസിലാണ് കുടുക്കാൻ നോക്കുന്നതെന്നാണ്’ ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.
ഇതു കെട്ടിച്ചമച്ച കേസ് ആണെന്ന് ആർക്കും മനസ്സിലാകും. ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അല്ലാതെ നീല ചിത്രങ്ങളല്ലത്, അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ‘കളിമണ്ണ്’ സിനിമയിൽ ശ്വേത അഭിനയിച്ചതെല്ലാം ഇത് പല യൂട്യൂബേഴ്സും യൂട്യൂബിലൂടെ ലൈവ് ആയി അപ്‍ലോഡ് ചെയ്യുന്നുണ്ട്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.
എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്തും. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ കോടതി നൽകണം. ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും. എന്താണ് ശ്വേത ചെയ്ത തെറ്റ്. ‘രതിനിർവേദ’ത്തിനെതിരെയും പരാതി ഉണ്ടെന്ന് പറയുന്നു. ഇതൊരു റീമേക്ക് ചിത്രമാണ്.
എന്തുകൊണ്ടാണ് ‘രതിനിർവേദം’ ചെയ്ത ജയഭാരതി ചേച്ചിക്കെതിരെ കേസ് കൊടുക്കാത്തത്. നെറ്റിൽ കയറി ശ്വേത ഹോട്ട് ഫിലിംസ് എന്നൊക്കെയാണ് ആ പരാതിക്കാൻ തിരഞ്ഞത്. അങ്ങനെ പോണോഗ്രാഫി തിരഞ്ഞപ്പോഴാണ് അയാൾ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാൾ തെരയാൻ പോയത്. അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും.
ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. അങ്ങനെ അസ്വസ്ഥരായവർ ഇപ്പോൾ പുറത്തുനിൽക്കുന്നുണ്ട്. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്. ഞാനും കുറച്ചുകാലമായി ‘അമ്മ’യിൽ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ചില കാരണങ്ങളാൽ അത് വൈകിപ്പിക്കുകയാണ്. പത്ത് പതിനഞ്ച് വർഷം മുമ്പ് ശ്വേത അഭിനയിച്ച സിനിമയുടെ പേരിലാണ് ഈ കേസ്. കോടതി ഇതിൽ കൃത്യമായി ഇടപെടും.
ഇതുവരെ ഒരാളും ശ്വേതയ്ക്കൊപ്പം സംസാരിക്കുന്നത് ഞാൻ കേൾക്കുന്നില്ല. ഷീലു എബ്രഹാമിന്റെ വിഷയവും ഇതു തന്നെയായിരുന്നു. ഷീലുവിന്റെ പുറകിൽ ശക്തനായ ഭർത്താവുണ്ടെന്നു പറഞ്ഞ് പരിഹസിക്കുന്നതും കണ്ടു. അത് ഷീലുവിന്റെ കഴിവല്ലേ, ഭാര്യയ്ക്കു വേണ്ടി അയാൾ പോരാടും. അതിൽ ചൊറിയാൻ നിൽക്കേണ്ട കാര്യമില്ല. ഇതുപോെലയാകും ശ്വേതയുടെ കാര്യവും. ശ്വേതയ്ക്കൊപ്പം ഞങ്ങളുണ്ടാകും, ഞങ്ങളുടെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടാകണം.തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ എന്താണിത്ര പ്രശ്നം. ശ്വേതയുടെ വിഷയത്തിൽ നിങ്ങളുടെ കളി നടക്കില്ല, പൊതു സമൂഹം ശ്വേതയ്ക്കൊപ്പമുണ്ട്.’’–മേജർ രവിയുടെ വാക്കുകൾ.