മലപ്പട്ടത്ത് കോൺഗ്രസ് - സി.പിഎം സംഘർഷം 75 പേർക്കെതിരെ കേസ്

11:42 AM May 15, 2025 | AVANI MV



മയ്യിൽ :മലപ്പട്ടത്ത് കോൺഗ്രസ് നടത്തിയ പദയാത്രക്കിടെ കോൺഗ്രസ്- സിപി എം പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷം. സ്ഥലത്തെത്തിയ പോലീസ് ഇരു വിഭാഗത്തെയും ലാത്തി വീശി ഓടിച്ചു 75 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിന് പ്രദേശത്ത് വിലക്ക് കൽപ്പിക്കുകയും സ്തൂപങ്ങൾ തകർക്കുകയും ചെയ്ത സി പി എം നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പദയാത്ര കടന്നു പോകവേ മലപ്പട്ടം സെൻ്ററിൽ വെച്ചായിരുന്നു സംഘർഷമുണ്ടായത്.

 സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തെയും സംഘർഷത്തിൽ നിന്നും പിന്തിരിക്കുകയായിരുന്നു. പൊതുജന സമാധാനത്തിന് ഭംഗവരുത്തിയതിന് ഡിസിസി സെക്രട്ടറി റഷീദ് കവ്വായി , അമൽ കുറ്റ്യാട്ടൂർ,അടു വാപ്പുറത്തെ പി.ആർ.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്പ് ,കെ പി ശശിധരൻ, രാധാകൃഷ്ണൻമലപ്പട്ടം, പ്രഭാകരൻ, പ്രിയേഷ്, സജീവൻ, എന്നിവർക്കും കണ്ടാലറിയാവുന്ന 40കോൺഗ്രസ് പ്രവർത്തകർക്കും സി പി എം ലോക്കൽ സെക്രട്ടറി പുരുഷോത്തമൻ, ഷിനോജ്, എ.എൻ.ലക്ഷ്മണൻ, എം.എം സജിത് ,അജി നാസ്, ജിതേഷ്, എന്നിവർക്കും കണ്ടാലറിയാവുന്ന 19 സി പി എം പ്രവർത്തകർക്കുമെതിരെ ഇൻസ്പെക്ടർ പി.സി.സഞ്ജയ് കുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.