+

ഒമാനിലെ സൂപ്പർ മാർക്കറ്റിന്റെ മറവിൽ കാര്‍ഗോ വഴി മലപ്പുറത്ത് എത്തിയത് 1.665 കിലോ എംഡിഎംഎ

യുവാവിനെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യുമ്പോഴേ കൂടുതല്‍ വിവരങ്ങള്‍ കിട്ടൂ. ഇതിനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. 

കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ മുക്കൂടുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കേസ്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്.

രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്നു പിടികൂടിയ 800 ഗ്രാമില്‍ താഴെ എംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ വലിയ ലഹരിമരുന്ന് വേട്ട. തിങ്കളാഴ്ച പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍നിന്ന് വന്‍ എംഡിഎംഎ ശേഖരം പിടികൂടിയതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയിലായി.

അഞ്ചുവര്‍ഷം മുന്‍പാണ് ആഷിക് വിദേശത്തേക്കു പോയത്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലാണ് ലഹരിമരുന്ന് കടത്ത്. കൊച്ചിയിലെ കേസിലും ഒമാനില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

വീട്ടില്‍നിന്നു പിടികൂടിയ എംഡിഎംഎ ആഷിക്കിന്റെ പേരില്‍തന്നെയാണ് അയച്ചത്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് സാധനം വാങ്ങാതിരുന്നതിനാല്‍ കാര്‍ഗോ ഏജന്‍സി വീട്ടില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 23-നാണ് ലഹരിമരുന്ന് ഒമാനില്‍നിന്ന് അയച്ചത്. 20-ന് ആഷിക് നാട്ടിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലഹരിമരുന്ന് കടത്തില്‍ ഒമാനില്‍  ഇയാള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. യുവാവിനെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യുമ്പോഴേ കൂടുതല്‍ വിവരങ്ങള്‍ കിട്ടൂ. ഇതിനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങി. 

facebook twitter