ബഹ്‌റൈനില്‍ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിന്റെ ബാധ്യത. കണ്ണൂര്‍ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തില്‍ ഇടിച്ചെന്നാണ് കേസ്.
ബഹ്‌റൈനില്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല എന്നതാണ് നിയമം. ഈ നിയമം നിലനില്‍ക്കെ സാധാരണയായി വാഹനമോടിച്ചയാളില്‍ നിന്ന് ഈ തുക ഈടാക്കുകയാണ് പതിവ്. കാറോടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുറച്ചു കാലത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി ബഹ്‌റൈന്‍ വിട്ടതായാണ് വിവരം. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷം കേസില്‍ വിധി വന്നപ്പോള്‍ പൊലീസ് പ്രതിയെ തേടി കാറുടമയുടെ അടുത്തെത്തുകയായിരുന്നു. തന്റെ കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചതോടെയാണ് കേസില്‍ താന്‍ കുരുക്കിലായെന്ന് കാറുടമക്ക് മനസ്സിലായത്.
അപകടം വരുത്തിയ ശേഷം മലയാളി നാടുവിട്ടതോടെ ഇതിന്റെ ഉത്തരവാദിത്തം കാറുടമക്കായി. മുഹറഖില്‍ റെന്റ് എ കാര്‍ നടത്തുന്ന കോഴിക്കോട് സ്വദേശിക്ക് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കാനുള്ള തുകയും കോടതി ഫീസുമായി 7000 ദിനാറിന്റെ ബാധ്യതയാണ് ഉണ്ടായത്. തുക മുഴുവനായും കാറുടമ അടച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ വ്യാപക അന്വേഷണം നടക്കുന്നുണ്ട്. കാര്‍ വാടകയ്ക്ക് കൊടുത്തപ്പോള്‍ പ്രതിയുടെ സിപിആര്‍ (സെന്‍ട്രല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍) മാത്രമാണ് രേഖയായി സ്വീകരിച്ചത്.