മലയാളി ഡോക്ടര്‍ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

02:14 PM Jul 22, 2025 | Suchithra Sivadas

മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.


സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു. രണ്ടു ദിവസമായി ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവര്‍ തിങ്കളാഴ്ച പോയിരുന്നില്ല. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവര്‍ സജീവമായിരുന്നു. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.