ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിയമ സഹായത്തിനായി കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്പൂരില്‍ എത്തും. ബിജെപി നേതാവ് അനൂപ് ആന്റണിയാണ് രാവിലെ ഛത്തീസ്ഗഡില്‍ എത്തുന്നത്. അനൂപ് ആന്റണി ഇന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എന്‍ കെ പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നിബഹ്നാന്‍ തുടങ്ങിയവര്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തും. എംപിമാരുടെ സംഘം ദില്ലിയില്‍ നിന്ന് പുറപ്പെട്ടു.
ബിജെപി പ്രതിനിധിയുടെ വരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഛത്തീസ്ഗഡിലെ വൈദികര്‍ ആവശ്യപ്പെട്ടു. കേരള ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാന്‍ ഇടപെടണമെന്ന് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റായ്പൂര്‍ അതിരൂപത വൈദികന് സാബു ജോസഫ് പറഞ്ഞു. കന്യാസ്ത്രീകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താന്‍ ആണ് ഇടപെടേണ്ടത്. വരുന്ന ആള്‍ക്ക് കന്യാസ്ത്രീകളെക്കുറിച്ച് ബോധ്യം ഉണ്ടെന്നാണ് പ്രതീക്ഷ .
മനുഷ്യക്കടത്ത് നടന്നു എന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പ്രതികരണം വളരെ നേരത്തെ ആയിപ്പോയെന്നും സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തു വരുവെന്നും സാബു ജോസഫ് പറഞ്ഞു. തെറ്റിദ്ധാരണ മാറ്റാന്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ ഇടപെടണമെന്നും ഇടപെടണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും സാബു ജോസഫ് പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് സഭാ നേതൃത്വം.