മുംബൈ: ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് താക്കൂറടക്കമുള്ള മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ ഇരകളുടെ ബന്ധുക്കൾ ഹൈകോടതിയിൽ. പ്രത്യേക എൻ.ഐ.എ കോടതി വിധി റദ്ദാക്കണമെന്നവശ്യപ്പെട്ട് നിസാർ അഹമ്മദ് സയ്യിദ് ബിലാലും മറ്റ് അഞ്ച് പേരുമാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. പ്രതികളെ വെറുതെ വിട്ടത് നിയമപരമായി തെറ്റാണെന്നും അതിനാൽ വിധി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ വിശ്വസനീയവും ശക്തവുമായ തെളിവുകളില്ലെന്നായിരുന്നു പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി എ.കെ. ലഹോട്ടിയുടെ വിധി. വെറും സംശയം യഥാർഥ തെളിവുകൾക്ക് പകരമാകില്ലെന്നും ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നുമായിരുന്നു വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് പട്ടണത്തിലെ മുസ്ലിം പള്ളിക്ക് സമീപം 2008 സെപ്റ്റംബർ 29 നായിരുന്നു മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം.