കൊൽക്കത്ത: ഭേദഗതി വരുത്തിയ വഖഫ് നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ മമത ബാനർജി സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തി. ബംഗാളിൽ ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അവർ പ്രകോപനങ്ങൾക്ക് വഴങ്ങരുതെന്നും കുഴപ്പക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ചില ജില്ലകളിലുണ്ടായ നിരവധി അക്രമ സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് മുഖ്യമന്ത്രി ‘എക്സിൽ’ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. ‘എല്ലാ മതങ്ങളിലുമുള്ള എല്ലാവരോടുമായി എന്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണിത്. ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക. മതത്തിന്റെ പേരിൽ ഒരു മതവിരുദ്ധ പെരുമാറ്റത്തിലും ഏർപ്പെടരുത്’- മമത എഴുതി.
‘ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തെ ദ്രോഹിക്കുകയാണ്’ -ബുധനാഴ്ച മുസ്ലിം സമുദായത്തിലെ പുരോഹിതന്മാരുമായും നേതാക്കളുമായും അടിയന്തര യോഗം വിളിച്ച തൃണമൂൽ മേധാവി കൂട്ടിച്ചേർത്തു.