മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന വാർത്ത കേട്ടതിന്റെ സന്തോഷത്തിലാണ് മലയാളികൾ. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തി.
'കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി ഊർജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാർത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാൻ സകല മലയാളികൾക്കൊപ്പം കാത്തിരിക്കുന്നു!' രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
വീണ ജോർജ്, പി സി വിഷ്ണുനാഥ്, ജോൺ ബ്രിട്ടാസ് തുടങ്ങി നിരവധി പേർ മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ച് നാളായി പൊതുവേദികളിൽ നിന്നും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി.
മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരം നിർമാതാവ് ആന്റോ ജോസഫാണ് ആദ്യം പങ്കുവെച്ചത്. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ എസ് ജോർജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാർവതിയും മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.