മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രമാണ് മമ്മൂട്ടി ഉള്‍പ്പടെയുള്ള വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വ ചിത്രംകൂടിയാണ് ആരോ.
ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണിത്. മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ചിത്രത്തിന്‍റെ കഥ മമ്മൂട്ടിയുമായി പങ്കുവെച്ചപ്പോള്‍ താന്‍ നിര്‍മ്മിക്കാം എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ആദ്യമായി ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം നടി മഞ്ജുവാര്യര്‍ പങ്കുവെച്ചു.
കാക്കനാട്ടെ സ്റ്റുഡിയോയില്‍ നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, സംവിധായകന്‍ ജോഷി, നടന്‍ ലാല്‍, അമല്‍ നീരദ് തുടങ്ങി സിനിമാ രംഗത്തുനിന്നും നിരവധി പേരെത്തി. ചിത്രത്തിന്‍റെ കഥയും സംഭാഷണവും വി ആര്‍ സുധീഷിന്‍റേതാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബിലൂടെ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കും.