ചങ്ങനാശേരിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

08:22 AM Jun 25, 2025 |


ചങ്ങനാശേരിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി മനുവാണ് അറസ്റ്റിലായത്. മുളന്തുരുത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശേരിയിലെ പലചരക്ക് കടയില്‍ നിന്നും സപ്ലൈകോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ സാധനങ്ങള്‍ തട്ടിയ കേസിലാണ് അറസ്റ്റ്.

സര്‍ക്കാര്‍ ജോലിയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഔദ്യോഗിക വാഹനത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്താന്‍ വിവിധ സ്ഥാപനങ്ങളിലായി എത്തുന്നത്.

കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ഇയാള്‍ നല്‍കുന്നത് വ്യാജ ചെക്കായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയത്‌കൊണ്ട് തന്നെ ഇയാള്‍ നല്‍കുന്ന ചെക്കില്‍ ജീവനക്കാര്‍ക്ക് മറ്റ് സംശയങ്ങള്‍ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍ ഇത് മാറാന്‍ ചെല്ലുമ്പോഴാണ് ഇത് വ്യാജ ചെക്കാണെന്ന് ജീവനക്കാര്‍ക്ക് മനസിലാകുന്നത്.

ചങ്ങനാശേരിയിലെ തട്ടിപ്പിന് ശേഷം ഇയാള്‍ നേരെ പോയത് എറണാകുളത്തെ മുളന്തുരുത്തിയിലേക്കാണ്. അവിടെ ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ഇവിടെ തട്ടിപ്പ് നടത്തുന്നതിനിടെയായിരുന്നു ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. പിടികൂടിയ മനുവിനെതിരെ കോട്ടയം ജില്ലയില്‍ മാത്രം നിരവധി കേസുകള്‍ ഉണ്ട്. മനുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.