താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു ; പൊലീസെത്തി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

07:11 AM Mar 28, 2025 | Suchithra Sivadas

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ടാണ് യുവാവ് വീട്ടില്‍ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാന്‍ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം. ഭീഷണിയും പരാക്രമവും തുടര്‍ന്നതോടെ മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായം തേടി. അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പണി ചെയ്ത് കുടുംബം നന്നായി കൊണ്ടുപോയിരുന്ന യുവാവ് അടുത്തകാലത്താണ് മയക്കുമരുന്നിന് അടിമയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മയക്ക് മരുന്ന് കിട്ടാതായതോടെ ഇയാള്‍ അക്രമാസക്തനാവാന്‍ തുടങ്ങിയിരുന്നു. വീട്ടുകാര്‍ ഈ വിവരം നേരത്തെ തന്നെ  പൊലീസിനെ അറിയിച്ചിരുന്നു.