പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവം ; വിഴുങ്ങിയത് അമിത അളവിലുള്ള ലഹരി

06:33 AM Mar 09, 2025 | Suchithra Sivadas

താമരശ്ശേരിയില്‍ വച്ച് പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവില്‍ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. ഷാനിദിനെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്പായത്തോട്, താമരശ്ശേരി ഭാഗങ്ങളില്‍ വന്‍തോതില്‍ ലഹരി ഇയാള്‍ വില്‍ക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.


പിടികൂടുമ്പോള്‍ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഷാനിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.


മുകള്‍ ഭാഗം അമര്‍ത്തി ഒട്ടിക്കുന്ന തരത്തിലുളള സിപ് കവറുകളിലാക്കിയായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്ര പരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ഷാനിദ് മരിക്കുന്നത്. വെളളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ സംശയാസ്പദമായ രീതിയില്‍ അമ്പായത്തോട് നിന്ന് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടന്‍ തന്നെ കയ്യിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഷാനിദ് ഓടി. പിന്തുടര്‍ന്ന പൊലീസ് ഷാനിദിനെ പിടികൂടുകയായിരുന്നു.