തിരുവനന്തപുരം : മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. താഹയെ കൊലപ്പെടുത്താനായി സമീപവാസിയായ റാഷിദ് (31) വീട്ടിനുള്ളിൽ ഓടിക്കയറുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്.
വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റു താഹയുടെ കുടൽമാല പുറത്തുചാടി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാർ പിടികൂടി മംഗലപുരം പൊലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയായ റാഷിദ് മുൻപും ഇയാളെ മർദ്ദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.