ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം പതിനായിര ങ്ങൾക്ക് ദർശന പുണ്യമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്ക് പുലർച്ചെ മുതൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു. കേരളവും തമിഴ്‌നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകൾ നടന്നു.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപ്പത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യൻ നമ്പൂതിരിപ്പാടും വള്ളിയൻ കാവ് മേൽശാന്തിയായ ബിജുകുമാർ നമ്പൂതിരിയും പൂജകൾക്ക് നേതൃത്വം നൽകി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളിൽ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേർന്നു തന്നെ രാജരാജ ചോളൻ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ സവിശേഷതയാണ്.ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള - തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നേതൃത്വം നൽകി. എ ഡി എം ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ തന്നെ ക്ഷേത്രത്തി ലെത്തി ഉത്സവ ഒരുക്കങ്ങൾ വിലയിരുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ എന്നിവരും മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.
റവന്യൂ, ദേവസ്വം വകുപ്പുകളുടെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങളാണ് ഈ വർഷം ഒരുക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ ദർശനം നടത്തിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കുമളി ബസ്സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിച്ചാണ് മുകളിലേക്ക് കയറ്റിവിട്ടത്.
ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നൽകി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ, മൈക്ക് അനൗൺസ്‌മെൻ്റ് തുടങ്ങിയ സൗകര്യ ങ്ങൾ ഒരുക്കിയിരുന്നു.സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ ആംബുലൻസ് സൗകര്യത്തോടുകൂടിയ നാല് മെഡിക്കൽ സംഘങ്ങളെ കൊക്കരക്കണ്ടം, കരടിക്കവല, ഭ്രാന്തിപ്പാറ, ക്ഷേത്ര പരിസരം എന്നിവടങ്ങളിലും ആരോഗ്യവകുപ്പ് വിന്യസിച്ചിരുന്നു. കുമളി വണ്ടിപ്പെരിയാർ എന്നീ പി.എച്ച്.സി കളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാൻ അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു.