
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ കണക്ക് അന്തിമമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 74.58 ശതമാനം പോളിംഗാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 66.78 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്.
ആദ്യ മണിക്കൂറുകളില്‍ പോളിംഗ് കുതിച്ചപ്പോള്‍ കനത്ത പോളിംഗ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലാകുകയായിരുന്നു. കോര്‍പ്പറേഷനില്‍ ശക്തമായ മത്സരമുള്ള വാര്‍ഡുകളില്‍ 70ന് മുകളിലാണ് പോളിംഗ്. അതേസമയം വടക്കന്‍ ജില്ലകളില്‍ നാളെയാണ് വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു.