വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. അയോധ്യ കാന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സാധത്ത് പ്രദേശത്തുള്ള പ്രദീപ് ശനിയാഴ്ചയാണ് ശിവാനിയെന്ന യുവതിയെ വിവാഹം കഴിച്ചത്. ശനിയാഴ്ച ഉച്ചയോടെ വരന്റെ വീട്ടില്‍ വിവാഹ വിരുന്ന് നടന്നു. വിവാഹശേഷമുള്ള ചടങ്ങുകള്‍ എല്ലാം ശനിയാഴ്ച തന്നെ അവസാനിച്ചു. രാത്രിയോടെ വധുവും വരനും അവരുടെ റൂമിലേക്ക് പോവുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ ഇവരുടെ മുറിയുടെ വാതിലില്‍ എത്ര മുട്ടിയിട്ടും തിരിച്ച് ഒരു മറുപടിയും ഇല്ലായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ കതക് പൊളിച്ച് അകത്ത് കടക്കുമ്പോള്‍ ശിവാനിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. പ്രദീപിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയും. മുറി അകത്ത് നിന്നും പൂട്ടിയിരുന്നതിനാല്‍ പ്രാഥമിക നിഗമനം പ്രദീപ് ശിവാനിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ്.