കൂത്തുപറമ്പ് :24 വർഷം മുൻപ് രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽനഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ.അസ്ന വിവാഹിതയായി. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് വരൻ.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ, 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റിരുന്നു.കലുഷിതമായ കണ്ണൂരിലെ അതിജീവന കഥയുടെ പേരായിരുന്നു ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി സ്വദേശിനി അസ്നയുടെത്. അഞ്ചാം വയസിലെ നഷ്ടത്തിൽ നിന്ന് പഠിച്ച് മിടുക്കിയായി, ഡോക്ടറായ അസ്ന വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് ആത്മവിശ്വാസത്തിൻ്റെ മാതൃകയായാണ്.
ഇരുപത്തിനാല് വർഷങ്ങൾക്കു മുൻപുണ്ടായ ദുരന്തത്തെ അതിജീവിച്ച അസ്നയുടെ കുടുംബവും പുതിയ തുടക്കത്തിൻറെ സന്തോഷത്തിലാണ്.ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് കളിപ്പാട്ടങ്ങൾക്കു നടുവിലേക്ക് വീണൊരു ബോംബാണ് അന്ന് അസ്നയുടെ വലതുകാൽ കൊണ്ടുപോയത്. അമ്മ ശാന്തയ്ക്കും അനുജൻ ആനന്ദിനും അന്ന് ഗുരുതരമായി പരിക്കേറ്റു. വീഴാനൊരുക്കമാായിരുന്നില്ല ആ കുടുംബം. അസ്നയുടെ ഓരോ ചുവടിലും പിതാവ് നാണുവുംഒരു നാടൊന്നാകെ കരുത്തു പകർന്നു. രാഷ്ട്രീയ വൈരത്തെ സ്നേഹം കൊണ്ടവർ തോൽപ്പിച്ചുകൊണ്ടേയിരുന്നു. പഠിച്ച് മിടുക്കിയായി എല്ലാ മുറിവുമുണക്കുന്ന ഡോക്ടറായി മാറി അസ്ന.
അന്ന് ആ രാഷ്ട്രീയ സംഘർഷത്തിന് തുടക്കമിട്ട പൂവത്തൂർ എൽ പി സ്കൂളിനു മുന്നിൽ ഇന്ന് വലിയൊരു പന്തലൊരുങ്ങി. ആയിരങ്ങൾക്കു മുന്നിൽ വിവാഹിതയായിരിക്കുകയാണ് അസ്ന. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനിയറുമായ നിഖിലാണ് വരൻ. വിവാഹദിനം അച്ഛൻ നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നക്ക് ബാക്കിയുള്ളത്. ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം ചെറുവാഞ്ചേരിയും കണ്ണൂരുമെല്ലാം ഒരുപാട് മാറി, രാഷ്ടീയ കൊലയും ബോംബേറുമെല്ലാം 'കഴിഞ്ഞ കാലം' എന്ന വിശേഷണത്തിലേക്ക് മാറുകയാണ്. മാറ്റത്തിനൊരു പ്രതീകവും പ്രതീക്ഷയുമാകാൻ സാധിച്ചതിന്റെ അഭിമാനമുണ്ട് അസ്നയുടെ കണ്ണുകളിൽ.