ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ 'സൊഹ്റാന്മാര്‍' എല്ലായിടത്തും ഉയര്‍ന്നുവരട്ടെ: എം ബി രാജേഷ്

08:22 AM Nov 06, 2025 |


ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. മംദാനിയുടെ വിജയം അസമത്വം അംഗീകരിക്കാന്‍ വിസമ്മതിച്ച സാധാരണക്കാരുടെയും മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയപ്രവര്‍ത്തകരുടെയും വിജയം കൂടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കോര്‍പ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഈ വിജയം പ്രത്യാശയാണ്. ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ 'സൊഹ്റാന്മാര്‍' എല്ലായിടത്തും ഉയര്‍ന്നുവരാന്‍ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാര്‍വത്രികമാവുകയും തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ അവകാശം ലഭിക്കുകയും ചെയ്യുന്ന ഒരു ഭാവിക്കു വേണ്ടി ന്യൂയോര്‍ക്കിനെ നയിക്കാന്‍ മംദാനിക്ക് കഴിയട്ടെയെന്നും എംബി രാജേഷ് ആശംസിച്ചു.

Trending :

'സൊഹ്റാന്‍ മംദാനിക്ക് ലോകത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന്, 1957ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തില്‍ നിന്ന് ഒരു ഊഷ്മള അഭിവാദനം', എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.

'ഇടിമുഴക്കം പോലുള്ള ഓരോ വാക്കിലും ആള്‍ക്കൂട്ടത്തിന്റെ ആരവമിരമ്പിയ രാത്രിയില്‍ അയാള്‍ പ്രത്യാശയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. വന്‍കിട മൂലധനത്തിനെതിരായ പ്രത്യാശയുടെ രാഷ്ട്രീയം. അസാധ്യമായതിനെ സാധ്യമാക്കുന്ന പ്രത്യാശയുടെ രാഷ്ട്രീയം. നിരാശക്കെതിരായ പ്രത്യാശയുടെ രാഷ്ട്രീയം. ന്യൂയോര്‍ക്ക് എന്ന മഹാനഗരം ഇനിമേല്‍ എല്ലാവരുടേതു മായിരിക്കുമെന്ന് സൊഹ്റാന്‍ മംദാനിയെന്ന പുതിയ ചെറുപ്പക്കാരന്‍ മേയര്‍ പ്രഖ്യാപിച്ചു. മംദാനിയുടെ വിജയത്തിന് ശേഷമുള്ള പ്രസംഗം ധീരമായ നയപ്രഖ്യാപനമായിരുന്നു. ട്രമ്പിനോടുള്ള നേര്‍ക്കുനേര്‍ യുദ്ധ പ്രഖ്യാപനവും.

ഒരു രാജ്യം മുഴുവനായും തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന തോന്നലിനു നടുവില്‍ നിന്ന് ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്, അധികാര ഗര്‍വ്വിനെ, കോടികളുടെ കുത്തൊഴുക്കിനെ പ്രധിരോധിച്ച്, കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ അമരക്കാരനാകുമ്പോള്‍, മറ്റൊരു ലോകം സാധ്യമാണ് എന്ന ബോധ്യമാണ് അവിടെയും യാഥാര്‍ഥ്യമാവുന്നത്.
തീവ്ര വലതുപക്ഷത്തിന്റെ വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും കുടിയേറ്റ വിരുദ്ധതയുടെയും പകയുടെയും രാഷ്ട്രീയമാണ് ലോക മുതലാളിത്തത്തിന്റെ ആസ്ഥാന നഗരത്തില്‍ തന്നെ തകര്‍ന്നടിഞ്ഞത്. മംദാനി പറയുന്നുണ്ട്, 'ഇനിമേല്‍ ഇസ്ലാമാഫോബിയ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാവുന്ന ഒരു നഗരമായിരിക്കില്ല ന്യൂയോര്‍ക്കെ'ന്ന്. അതിന് അടിവരയിടുന്നതായി മംദാനിയുടെ വിജയം.

മംദാനിയും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിയ മുദ്രാവാക്യം, 'Up with affordability, down with billionaires' എന്നത് ന്യൂയോര്‍ക്കിന്റെ അതിര്‍ത്തിക്കപ്പുറത്ത് ഇടതുപക്ഷ ചിന്തയോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാ മനുഷ്യരുടേയും പൊതു വികാരമാണ്. അത് കൊണ്ടാണ് അവസാനത്തെ മനുഷ്യന്റെ കൂടി വേദനകളെ ആദ്യം പരിഗണിക്കുന്ന കേരളത്തിന് മംദാനിയുടെ വിജയത്തില്‍ ഇത്ര സന്തോഷിക്കാനാവുന്നത്.
സാധാരണക്കാരന് താങ്ങാനാവുന്ന താമസ സൗകര്യങ്ങള്‍, സൗജന്യനിരക്കില്‍ പൊതുഗതാഗതം, ഭക്ഷ്യവില കുറയ്ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രിത പലചരക്ക് കടകള്‍ - ഇവയെല്ലാം കേരളം പതിറ്റാണ്ടുകളായി കെട്ടിപ്പടുക്കുന്ന കേരളാമോഡലിന്റെ പ്രതിധ്വനിയാണ്. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിച്ചതും, സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ വഴി എല്ലാവര്‍ക്കും വിലക്കുറവില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതും നമ്മുടെ അനുഭവമാണ്.

സാര്‍വത്രിക ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും ശക്തമായ തൊഴിലാളി സംരക്ഷണവും ഇവിടെ കേവലം സ്വപ്നങ്ങള്‍ക്കപ്പുറം ജീവിത യാഥാര്‍ഥ്യങ്ങളാണ്. ഏറ്റവുമൊടുവില്‍, അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്.
വംശീയ ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, LGBTQ+ സമൂഹം തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി, സോഷ്യലിസം എന്ന വാക്കിനോട് പോലും തൊട്ടുകൂടായ്മ കല്‍പിക്കുന്ന അമേരിക്കന്‍ പൊളിറ്റിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിനെ തന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ് മംദാനി നേരിട്ടത്. 99% ജനങ്ങളും വാടകയ്ക്കും ഭക്ഷണത്തിനും വേണ്ടി കഷ്ടപ്പെടുമ്പോള്‍, 1% പേര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയത്തില്‍ ന്യൂയോര്‍ക്കുകാര്‍ മടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വിജയം.
വിജയ പ്രസംഗത്തില്‍ അദ്ദേഹം നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു: 'ചരിത്രത്തില്‍ അപൂര്‍വമായി വരുന്ന ഒരു നിമിഷമുണ്ട്, പഴയതില്‍ നിന്ന് നമ്മള്‍ പുതിയതിലേക്ക് ചുവടുവെക്കുന്ന നിമിഷം.' ന്യൂയോര്‍ക്കിനും അമേരിക്കയ്ക്കും ലോകത്തിനും ഇതൊരു നിര്‍ണ്ണായക വഴിത്തിരിവാണ്.
ഇടതുപക്ഷ ബദല്‍ അത് കേവലം സിദ്ധാന്തമല്ല-കേരളം ജീവിച്ച ചരിത്രമാണ്, ഇന്ന് ആ ബദലിന്റെ രാഷ്ട്രീയം അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഹൃദയത്തില്‍ വേരുറപ്പിക്കുന്നു. ഈ വിജയം, അസമത്വം അംഗീകരിക്കാന്‍ വിസമ്മതിച്ച സാധാരണക്കാരുടെയും മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയപ്രവര്‍ത്തകരുടെയും വിജയം കൂടിയാണ്.

കോര്‍പ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഈ വിജയം പ്രത്യാശയാണ്. ജനങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതല്‍ 'സോഹ്റാന്മാര്‍' എല്ലായിടത്തും ഉയര്‍ന്നുവരാന്‍ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാം. വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാര്‍വത്രികമാവുകയും തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ അവകാശം ലഭിക്കുകയും ചെയ്യുന്ന ഒരു ഭാവിക്കു വേണ്ടി ന്യൂയോര്‍ക്കിനെ നയിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ. സൊഹ്റാന്‍ മംദാനിക്ക് ലോകത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന്, 1957ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തില്‍ നിന്ന് ഒരു ഊഷ്മള അഭിവാദനം.'