+

കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍

കാറിന്റെ രഹസ്യ അറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകന്‍ കൂടിയായിരുന്നു ഷമീര്‍.ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സിപിഐഎം അറിയിച്ചു.

facebook twitter