സ്‌കൂളുകളില്‍ ഇനി മെഡിക്കല്‍ എമര്‍ജൻസി പദ്ധതിയും, മോക്ഡ്രില്ലും : സുരക്ഷാ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

04:49 PM Sep 12, 2025 | Renjini kannur

അത്യാഹിതങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള മെഡിക്കല്‍ എമർജൻസി പദ്ധതി എല്ലാ സ്കൂളുകളിലും തയ്യാറാക്കാൻ നിർദേശം. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേർന്ന് പാമ്ബുവിഷചികിത്സ അടക്കം അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.

പാമ്ബുകടി, വെള്ളപ്പൊക്കം, ഭൂമി കുലുക്കം പോലെയുള്ള അത്യാഹിതങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേർന്ന് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാർഗരേഖ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് മാർഗരേഖ അന്തിമമാക്കിയത്. മാർഗനിർദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമർപ്പിച്ചു.

2019-ല്‍ സുല്‍ത്താൻബത്തേരിയില്‍ ക്ലാസ്മുറിയില്‍വെച്ച്‌ പാമ്ബുകടിയേറ്റ വിദ്യാർഥിനി ചികിത്സ വൈകിയതുമൂലം മരിച്ചിരുന്നു. ഇതില്‍ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നല്‍കിയ പൊതുതാത്പര്യഹർജിയും പരിഗണിച്ചാണ് മാർഗനിർദേശം തയ്യാറാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

അങ്കണവാടികള്‍, സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങള്‍, കേന്ദ്ര സിലബസിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവയെല്ലാം മാർഗരേഖ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്