മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ റിലീസിനോടനുബന്ധിച്ച് വ്യത്യസ്തമായൊരു റെക്കോർഡ് പിറക്കാൻ പോകുന്നു. നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന, സതീഷ് തൻവി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ് ' സിനിമയുടെ റിലീസ് ദിനമായ നവംബർ 7-ന് 120 റിലീസ് കേന്ദ്രങ്ങളിലായി ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ കൈകൊട്ടിക്കളി നടക്കും. രാവിലെ 9 മണി മുതലാണ് റിലീസ് കേന്ദ്രങ്ങളിൽ കൈകൊട്ടിക്കളി ആരംഭിക്കുന്നത്.
അര മണിക്കൂറുള്ള പരിപാടിയിൽ ശ്രദ്ധേയ കൈകൊട്ടിക്കളി ഗാനങ്ങള്‍ക്കൊപ്പം ചിത്രത്തിലേതായി ഇറങ്ങിയ രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ…' എന്ന പാട്ടിനോടൊപ്പവും കലാകാരന്മാർ ചുവടുവയ്ക്കും. 120 സ്ഥലങ്ങളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് 'ഇന്നസെന്റ് ' ടീമിന്റെ ലക്ഷ്യം. പങ്കെടുക്കുന്ന ടീമുകള്‍ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ…'യുടെ ശാസ്ത്രീയ വേർഷൻ പാടി അടുത്തിടെ ഞെട്ടിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി…' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റുമായെത്തിയ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഹനാൻ ഷായും നിത്യ മാമ്മനും ചേന്നാലപിച്ച 'അതിശയം' എന്ന ഗാനവും ആസ്വാദക ഹൃദയങ്ങള്‍ കവരുകയുണ്ടായി.സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.