കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി വേഗം വന്നിട്ട് പോയതില്‍ കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ.കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിക്കിടെയാണ് ആരാധകർ അതിരുവിട്ടത്. ആരാധകബാഹുല്യത്തെ തുടർന്ന് സുരക്ഷാമുൻകരുതലായി മെസിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് ക്ഷുഭിതരായ ആരാധകർ കുപ്പിയും കസേരയും വലിച്ചെറിഞ്ഞത്.
ആയിരക്കണക്കിന് ആളുകളാണ് മെസിയെ കാണാനായി സ്റ്റേഡിയത്തിലെത്തിയത്. 5000 മുതല്‍ 25000 രൂപ വരെയുള്ള ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് മെസിയെ ശരിയായി കാണാൻ കഴിഞ്ഞില്ല. താരത്തിന് ചുറ്റും സുരക്ഷാഉദ്യോഗസ്ഥരും പ്രത്യേക ക്ഷണിതാക്കളും അണിനിരന്നതോടെ തങ്ങള്‍ക്ക് മെസിയെ കാണാൻ കഴിഞ്ഞില്ലെന്ന് ആരാധകർ ആരോപിച്ചു.
ഇത് പ്രതിഷേധത്തിനും ആരാധകരോഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെയാണ് താരത്തെ വേദിയില്‍ നിന്ന് നീക്കിയത്.ഇതില്‍ പ്രകോപിതരായ ആരാധകർ കുപ്പിയും കസേരയും വലിച്ചെറിയുകയായിരുന്നു. ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി വിതാനങ്ങള്‍ നശിപ്പിച്ചു. ഗോള്‍ പോസ്റ്റുകളും ടർഫും നശിപ്പിച്ച ആരാധകർ പോലീസെത്തിയാണ് പിന്തിരിപ്പിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. "സാള്‍ട്ട് ലേറ്റ് സ്റ്റേഡിയത്തിലുണ്ടായ സംഘാടനപ്പിഴവില്‍ എനിക്ക് അസ്വസ്ഥതയും ഞെട്ടലുമുണ്ട്. ഞാൻ മെസിയോട് താഴ്മയായി ക്ഷമ ചോദിക്കുന്നു. ഒപ്പം, ഇത്തരമൊരു നിർഭാഗ്യകരമായ സംഭവം ഉണ്ടായതിന് എല്ലാ ആരാധകരോടും ക്ഷമ ചോദിക്കുന്നു."- മമത ബാനർജി പറഞ്ഞു