രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് 20 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടു

07:22 PM Mar 04, 2025 | Neha Nair

ഡല്‍ഹി: കമ്പനിയുടെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിട്ടേക്കാമെന്നും മെറ്റ പറയുന്നു.

‘കമ്പനിയില്‍ ചേരുമ്പോള്‍ ഞങ്ങള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു എന്ത് ഉദ്ദേശ്യത്തോടെയായാലും ആന്തരിക വിവരങ്ങള്‍ ചോര്‍ത്തുന്നത് ഞങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന്. ഇതുസംബന്ധിച്ച് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുകയും ചെയ്തിരുന്നു,’ മെറ്റ വക്താവ് ഡേവ് ആര്‍നോള്‍ഡ് ദി വെര്‍ജിനോട് പറഞ്ഞു.

Trending :

 ‘കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതിന് ഒരു അന്വേഷണം ഞങ്ങള്‍ അടുത്തിടെ നടത്തി, ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഇത് ഗൗരവമായി കാണുന്നു, ചോര്‍ച്ചകള്‍ തിരിച്ചറിയുമ്പോള്‍ നടപടിയെടുക്കുന്നത് തുടരും.’ കമ്പനി കൂട്ടിച്ചേര്‍ത്തു.