കൊൽക്കത്ത: പുതിയ മെട്രോ റൂട്ടുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിൽക്കും. വെള്ളിയാഴ്ച ഡം ഡമിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റൂട്ടുകൾ രാജ്യത്തിന് സമർപ്പിക്കുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കത്തയച്ച് ക്ഷണിച്ചിട്ടും മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മറ്റു സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന തൊഴിലാളികൾക്കെതിരെ നടക്കുന്ന പീഡനങ്ങളിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. ബിജെപി ബംഗാളി ഭാഷയിൽ “ഭീകരത” അഴിച്ചുവിട്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ‘ബംഗാളി അസ്മിത’ (ബംഗാളി ഐഡന്റിറ്റി) സംരക്ഷിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് ഇതിനകം നിരവധി പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അഭാവത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, റെയിൽവേ ജോലികൾക്കായി പശ്ചിമ ബംഗാളിന് റെക്കോർഡ് തുകയായ 83,765 കോടി രൂപയും ഈ വർഷത്തെ ബജറ്റിൽ 13,955 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, 101 സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്നുണ്ടെന്നും ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഇതിനകം ഓടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.