മെക്‌സിക്കോ സിറ്റി മേയറുടെ പേഴ്‌സണല്‍ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു

08:14 AM May 21, 2025 |


മെക്‌സിക്കോ സിറ്റി മേയറുടെ പേഴ്‌സണല്‍ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളില്‍ എത്തിയവരാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. മേയര്‍ ക്ലാര ബ്രുഗാഡയുടെ പേഴ്‌സണല്‍ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകന്‍ ജോസ് മുനോസുമാണ് കൊല്ലപ്പെട്ടത്.

തിരക്കേറിയ സമയത്തുണ്ടായ ഇരട്ടക്കൊലപാതകം നിര്‍ഭാഗ്യകരമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം അപലപിച്ചു. ജോസ് മുനോസിനെ കാറില്‍ കൂട്ടാനെത്തുന്നതിനിടെയാണ് സിമേന ഗുസ്മാനെതിരെ ആക്രമണം നടന്നത്.


കുറ്റവാളികളെ തിരിച്ചറിയുന്നതിനായി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബ്രുഗാഡ കൂട്ടിച്ചേര്‍ത്തു. മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയായ മൊറേനയിലെ അംഗമാണ് മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാര. മെക്‌സിക്കോ സിറ്റിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായി ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.