ന്യൂഡൽഹി :∙ പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളിൽവെച്ച് തന്നെ തീർക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നടപ്പാക്കിയത്.പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങൾക്കു മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ രണ്ട് പെൺപുലികളാണ് – വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും.
ഇരുവരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നതിലുപരി ഇത്രയും നിർണായകമായ ഒരു ഓപ്പറേഷൻ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു കൊടുക്കുക എന്ന കടമയാണ് അവർക്ക് സൈന്യം നൽകിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ സൈന്യത്തിന്റെ പ്രതിനിധികളായി പങ്കെടുത്തതോടെ ഇന്ത്യ പാകിസ്ഥാനും ലോകത്തിനും നൽകിയ സന്ദേശം വളരെ വലുതാണ്.
ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോൾ അവരുടെ ശബ്ദം ഉറച്ചതായിരുന്നു: മാധ്യമങ്ങളുടെ മുന്നിൽ ധീരതയോടെ സംസാരിച്ച സോഫിയയും വ്യോമികയും ആരാണ് ?പരിശോധിക്കാം
കേണൽ സോഫിയ ഖുറേഷി
ഇന്ത്യൻ ആർമിയിലെ കോർപ്സ് സിഗ്നൽസിലെ സീനിയർ ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിത. 1981ൽ ഗുജറാത്തിലെ വഡോദരയിൽ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛൻ കരസേനയിൽ സേവനമനുഷ്ഠിച്ചു. അച്ഛൻ വർഷങ്ങളോളം സേനയിൽ മതാധ്യാപകനായി ജോലി ചെയ്തു. 1999 ൽ ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിൽ എത്തിയത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.
2006ൽ യു.എന്നിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായി സോഫിയ പ്രവർത്തിച്ചു. ആറ് വർഷത്തോളും യു.എന്നിനൊപ്പം സേവനം ചെയ്തിരുന്നു. പിന്നീട് 2016ൽ ആസിയാൻ പ്ലസ് സൈനികാഭ്യാസത്തിൽ ഇന്ത്യയെ നയിച്ചതും ഖുറേഷിയായിരുന്നു. ഒടുവിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിലും പെൺകരുത്തിനെ തന്നെ ഇന്ത്യൻസേന ഉപയോഗിച്ചു.
വിങ് കമാൻഡർ വ്യോമിക സിങ്
സൈന്യത്തിൽ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ വ്യോമിക സിങ്ങിന്റെ ആഗ്രഹം. ആകാശത്തിന്റെ മകൾ എന്നർഥമുള്ള പേരുകാരിയായ ആ പെൺകുട്ടി ഒടുവിൽ വ്യോമസേനയിലെത്തി. പഠനകാലത്ത് എൻസിസി കെഡറ്റായിരുന്ന വ്യോമിക എൻജിനീയറിങ്ങാണ് പഠിച്ചത്. അവരുടെ കുടുംബത്തിൽനിന്ന് സായുധസേനാംഗമാകുന്ന ആദ്യയാളാണ് വ്യോമിക. 2019 ൽ ഹെലികോപ്റ്റർ പൈലറ്റായാണ് സേനയിൽ ചേർന്നത്. ഹിമാചൽപ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിറംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സെർവീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു.
2500ൽ അധികം മണിക്കൂറുകൾ വിമാനം / ഹെലിക്കോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ ഹെലിക്കോപ്റ്ററുകൾ പറത്തിയിട്ടുമുണ്ട്. 2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനദൗത്യത്തിൽ മികവു തെളിയിച്ചിട്ടുണ്ട് അവർ.