
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ 39.07 കോടി രൂപയുടെ ചരിത്ര ലാഭവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും ലാഭം നേടിയ സാമ്പത്തിക വർഷമാണിതെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
ലാഭവിഹിതത്തിൽ നിന്ന് 35.08 കോടി രൂപ അധിക പാൽവിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡി ആയും ക്ഷീരകർഷകർക്ക് നൽകി. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ തന്നെ മുഴുവൻ ലാഭവിഹിതവും ക്ഷീരകർഷകർക്ക് നൽകിയതായും ചെയർമാൻ കൂട്ടിച്ചേർത്തു.
വേനൽക്കാല ആശ്വാസമായി യൂണിയനിലെ അംഗസംഘങ്ങൾക്ക് 2025 ഏപ്രിൽ മാസം ലിറ്ററൊന്നിന് 8 രൂപ നിരക്കിൽ അധിക പാൽവില നൽകുന്നതിന് മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു. ഇതോടെ മേഖല യൂണിയൻറെ പരിധിയിലുള്ള ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ലിറ്ററൊന്നിന് 53.13 രൂപയായി വർധിക്കും. അധിക പാൽവില നൽകുന്നതിനായി ഏകദേശം 6 കോടി രൂപയുടെ ചെലവാണ് യൂണിയൻ പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ മണി വിശ്വനാഥ്, മാനേജിംഗ് ഡയറക്ടർ ഡോ. മുരളി പി എന്നിവർ അറിയിച്ചു. കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനായി 2025-26 സാമ്പത്തിക വർഷം 27 കോടി രൂപയാണ് യൂണിയൻ വകയിരുത്തിയിട്ടുള്ളത്.
2023 ഡിസംബറിൽ പുതിയ ഭരണസമിതി നിലവിൽ വന്നതിനു ശേഷം പാൽ ഉത്പാദന വർധനവിനും കർഷക ക്ഷേമത്തിനുമുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ഏകദേശം 30 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്കായി നടപ്പാക്കിയ വിവാഹ ധനസഹായ പദ്ധതിയായ ക്ഷീരസുമംഗലി, ചികിത്സാ ധനസഹായ പദ്ധതിയായ സാന്ത്വനസ്പർശം, പെൺകുട്ടികൾക്കായുള്ള സമ്പാദ്യ പദ്ധതിയായ ക്ഷീരസൗഭാഗ്യ, സബ്സിഡി നിരക്കിൽ സൈലേജ് ലഭ്യമാക്കുന്ന പദ്ധതി, കിടാരി ദത്തെടുക്കൽ, കന്നുകാലി ഇൻഷുറൻസ് പ്രീമിയം സബ്സിഡി, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികൾക്കായിട്ടാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത്. ഉത്പന്ന വിപണനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനൊപ്പമാണ് കർഷക ക്ഷേമ പദ്ധതികൾക്ക് മേഖല യൂണിയൻ തുക വിനിയോഗിക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.