കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഹബായി കേരളത്തെ മാറ്റുന്നതിനുള്ള വലിയ ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വിജ്ഞാന കൗൺസിൽ രൂപീകരണ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന് പുറത്തുപോയിരുന്ന സ്ഥിതിമാറി കേരളത്തിൽ തന്നെ അവസരമൊരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂതന കോഴ്സുകൾക്കും വിദ്യാഭ്യാസ രീതികൾക്കും സമാനമായവ ഇവിടെ ഒരുക്കുന്നു. അതിന്റെ ആത്യന്തിക ഫലം പുതിയ തലമുറക്ക് അനുഭവിക്കാൻ അവസരം ലഭിക്കുന്നുവെന്നും ഇതിനെ പ്രധാന ഉത്തരവാദിത്തമായി സർക്കാർ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഭാവിയെ അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണ് വിജ്ഞാന കേരളം. പഠനത്തോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്ന ട്രെന്റ് രൂപപ്പെടുകയാണ്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട മികച്ച പരിശീലനം പ്രധാന അജണ്ടയായി കാണുന്നു. തൊഴിൽ സേനയല്ല നമ്മുടെ പ്രധാന ലക്ഷ്യം, പരിശീലനം ലഭിച്ച തൊഴിൽ സേനയാണ്. പുതുതലമുറയുടെ മാത്രമല്ല, കേരളത്തിന്റെ ഭാവിയാണ് ഈ ക്യാമ്പയിനിലൂടെ നിർണയിക്കുന്നത്. എല്ലാ തൊഴിൽ സംവിധാനങ്ങളെയും ഒറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമവും ഇതിന്റെ ഭാഗമായി നടക്കും. തൊഴിൽ ആഗ്രഹിക്കുന്നവരെ അവർക്ക് താൽപര്യമുള്ള തൊഴിൽ നേടാൻ പ്രാപ്തരാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നെന്നും അതിന് ജനകീയ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനവും അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിജ്ഞാനകേരളം അഡൈ്വസറും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി അനുയോജ്യമായ തൊഴിലിലേക്ക് എത്തിക്കുക, പ്രാദേശികമായ തൊഴിലുകൾ കണ്ടെത്തി വനിതകൾക്ക് കൂടുതൽ അവസരമൊരുക്കുക, വിദേശ തൊഴിലുകളുമായി ബന്ധിപ്പിക്കുക, പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പ്ലേസ്മെന്റിന് അവസരമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
യോഗത്തിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു.