+

ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ 'മിന ലിങ്ക്' ബോട്ട് സര്‍വീസ് ആരംഭിച്ചു

എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ മിന ലിങ്ക് ബോട്ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ മിന ഡിസ്ട്രിക്റ്റിനെയും കണ്ടയ്‌നര്‍ യാര്‍ഡിനെയും ബന്ധിപ്പിച്ചുകൊണ്ട് 'മിന ലിങ്ക്' എന്ന പേരില്‍ പുതിയ ബോട്ട് സര്‍വീസ് ആരംഭിച്ചു. ബ്രൂക്ക് ടൂറിസവുമായി സഹകരിച്ചാണ് പുതിയ സര്‍വീസ് നടത്തുന്നത്. പഴയ ദോഹ തുറമുഖത്തിന്റെ സൗന്ദര്യം ആസ്വദിച്ച് കടലില്‍ യാത്ര ചെയ്യാനുള്ള മികച്ച അവസരമാണ് പുതിയ ബോട്ട് സര്‍വീസിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുക.


സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഉല്ലാസയാത്രകള്‍ക്കും കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കുന്നവര്‍ക്കും കടല്‍ക്കാറ്റ് ആസ്വദിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് 'മിന ലിങ്ക്' ഒരുക്കുന്നതെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ മിന ലിങ്ക് ബോട്ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

കണ്ടെയ്നേഴ്സ് യാര്‍ഡിലെയും മിന കോര്‍ണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസ് വഴി ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ, ചൂട് കൂടിയ കാലാവസ്ഥ പരിഗണിച്ച് മിന മേഖലയിലേക്കുള്ള വാഹന പ്രവേശനം ഒക്ടോബര്‍ വരെ നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച്, ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ മിന ഡിസ്ട്രിക്റ്റില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.

facebook twitter