വ്യോമസേനയിൽ അഗ്നിവീർവായു (ഇന്റേക്ക് 02/2026) സെലക്ഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനിൽ ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും രജിസ്ട്രേഷൻ സൗകര്യവും https://agnipathvayu.cdac.in/ൽ ലഭ്യമാണ്.
യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങളോടെ ഹയർസെക്കൻഡറി/ഇന്റർമീഡിയറ്റ്/പ്ലസ് ടു പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് പ്രത്യേകം 50 ശതമാനം മാർക്കുണ്ടാകണം. അല്ലെങ്കിൽ അംഗീകൃത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു/മെട്രിക്കുലേഷൻ പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
ശാസ്ത്രേതര വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവരെയും പരിഗണിക്കും. ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. തെരഞ്ഞെടുപ്പിനായുള്ള സെലക്ട് ലിസ്റ്റ് തയാറാക്കുന്നത് സംസ്ഥാനതലത്തിലായതിനാൽ അപേക്ഷയിൽ സ്ഥിരതാമസമുള്ള ജില്ല/സംസ്ഥാനം അടക്കമുള്ള ഡൊമിസൈൽ കാറ്റഗറി വ്യക്തമാക്കിയിരിക്കണം.
പ്രായപരിധി: 2005 ജൂലൈ രണ്ടിനും 2009 ജനുവരി രണ്ടിനും മധ്യേ ജനിച്ചവരാകണം. ജോലിയിൽ പ്രവേശിക്കുന്ന ദിവസം 21 വയസ്സ് കവിയരുത്. ശാരീരിക യോഗ്യതകൾ-പുരുഷന്മാർക്കും വനിതകൾക്കും 152 സെ.മീറ്ററിൽ കുറയാതെ ഉയരവും (ലക്ഷദ്വീപുകാർക്ക് 150 സെ. മീറ്റർ മതിയാകും) അതിനനുസൃതമായ ഭാരവും ഉണ്ടാകണം. നെഞ്ചളവ് പുരുഷന്മാർക്ക് 77 സെ.മീറ്റർ, വികാസശേഷി അഞ്ച് സെ.മീറ്ററിൽ കുറയരുത്. വനിതകൾക്ക് അഞ്ചു സെ.മീറ്റർ വികാസശേഷിയുണ്ടായാൽ മതി. നല്ല കാഴ്ചശക്തിയുള്ളവരാകണം. വൈകല്യങ്ങൾ പാടില്ല. വ്യോമസേന നിഷ്കർഷിച്ച മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
ഓൺലൈൻ സെലക് ഷൻ ടെസ്റ്റ്: 2025 സെപ്റ്റംബറിൽ തുടങ്ങും. സയൻസ് സ്ട്രീമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ശാസ്ത്രേതര വിഷയങ്ങൾക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ ടെസ്റ്റിൽ ഇംഗ്ലീഷ്, റീസണിങ്, പൊതുവിജ്ഞാന വിഷയങ്ങളിലും ചോദ്യങ്ങൾ. ശാസ്ത്രവും ശാസ്ത്രേതരവുമായ ഓൺലൈൻ ടെസ്റ്റിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, റീസണിങ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും.ഒന്നാം ഘട്ട ഓൺലൈൻ ടെസ്റ്റിൽ യോഗ്യത നേടുന്നവരെ രണ്ടാംഘട്ടം ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനും അഡാപ്റ്റബിലിറ്റി ടെസ്റ്റിനും ക്ഷണിക്കും. മൂന്നാംഘട്ടം വൈദ്യ പരിശോധനയാണ്.
പരീക്ഷ ഫീസ്: 550 രൂപ + ജി.എസ്.ടി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചാവണം ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. ശമ്പളം: നാലു വർഷത്തേക്കാണ് നിയമനം. തുടക്കത്തിൽ സൈനിക പരിശീലനം നൽകും. ആദ്യ വർഷം പ്രതിമാസം 30000 രൂപ, രണ്ടാംവർഷം 33000 രൂപ, മൂന്നാം വർഷം 36500 രൂപ, നാലാം വർഷം 40000 രൂപ എന്നിങ്ങനെയാണ് ശമ്പളം.
30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. സേവനകാലാവധി പൂർത്തിയാക്കി പിരിയുമ്പോൾ സേവാനിധിയായി 10.04 ലക്ഷം രൂപ നൽകും. സേവനകാലയളവിൽ ചികിത്സാ സൗകര്യം ലഭിക്കും. പ്രൊവിഡന്റ് ഫണ്ടോ ഗ്രാറ്റുവിറ്റിയോ പെൻഷൻ ആനുകൂല്യങ്ങളോ ഉണ്ടാവില്ല