
കേരളത്തിലെ ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം തൈക്കാട് അതിഥി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും പ്രധാന വിഷയമായി ഇന്നത്തെ സാഹചര്യത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ലോകത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണ് ഇതിനു കാരണം. അപൂർവ സസ്യങ്ങളും ജന്തുക്കളും കുറഞ്ഞു വരുന്നതായി വിവിധ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രകൃതിക്ഷോഭം, കാലാവസ്ഥ വ്യതിയാനം, മാരക രോഗങ്ങൾ തുടങ്ങിയ അനവധി ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. ഇന്ത്യയും കേരളവും പ്രകൃതിയാൽ അനുഗ്രഹീതമായ പ്രദേശമാണ്. നമ്മുടെ കാടുകളിൽ, തോടുകളിൽ, പുഴകളിൽ, പുഴയോരങ്ങളിൽ മലമടക്കുകളിൽ എല്ലാം അപൂർവ ജന്തു സസ്യ ജാലങ്ങൾ നമുക്കെന്നും പ്രയോജനകരമാകും വിധം പ്രവർത്തിക്കുന്നുണ്ട്. എക്കോ സിസ്റ്റത്തെ നിയന്ത്രിക്കുന്ന പ്രകൃതി സംവിധാനത്തെ ഫലപ്രദമായി സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും അതിനായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോകമെമ്പാടും ഇന്ന് ജൈവവൈവിധ്യ ദിനമായി ആഘോഷിക്കുമ്പോൾ കേരളവും അതിന്റെ പ്രാധാന്യം മനസിലാക്കി സംസ്ഥാനതലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനമാണ് ഈ വർഷത്തെ ജൈവ വൈവിധ്യ പ്രമേയം. ഇതിന്റെ ഭാഗമായി നടന്ന റെഡ് ഡാറ്റ ബൂക്ക് നയരൂപീകരണ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ സർക്കാരിന് സമർപ്പിക്കും. സർക്കാർ വളരെ പ്രാധാന്യത്തോടെ കരട് ആശയങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയ സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ മന്ത്രി അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസ് പുരസ്‌കാരം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം സി ദത്തൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ വി ബാലകൃഷ്ണൻ, ബോർഡ് അംഗങ്ങളായ ഡോ. സന്തോഷ് കുമാർ എ വി, ഡോ. മിനിമോൾ ജെ എസ്, സയന്റിഫിക് ഓഫീസർ ഡോ വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.