നാല് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത് 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം : മന്ത്രി ഡോ. ആർ ബിന്ദു

08:20 PM Jul 02, 2025 | AVANI MV

കഴിഞ്ഞ നാലു വർഷത്തിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ പുതിയ വർക്ക്‌ഷോപ്പ്- ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ മുന്നോട്ടു വയ്ക്കുന്ന പ്രായോഗികവും നൂതനവുമായ ആശയങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  
                                                 
എല്ലാ പോളിടെക്‌നിക് കോളജുകളിലും യങ് ഇന്നവേറ്റേഴ്‌സ് ക്ലബ് രൂപീകരിക്കാൻ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ കാമ്പസുകളിലും യങ് ഇന്നവേറ്റേഴ്‌സ് സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം സൗകര്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിനാവശ്യമായ സേവനങ്ങളും ഉൽപന്നങ്ങളും വികസിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് നിലകളിലായി 3352 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണിത വർക്ക്‌ഷോപ്പ് ലബോറട്ടറി കെട്ടിടം 10 കോടി രൂപ ചെലവിലാണ് നിർമിച്ചത്. വിവിധ തരത്തിലുള്ള 12 ലാബുകൾ, വർക്ക്‌ഷോപ്പ്, ഡ്രോയിംഗ് ഹാൾ, ലിഫ്റ്റ്, ജോബി, റാമ്പ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ എന്നീ സൗകര്യങ്ങളാണ് ഇതിലുള്ളത്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ സി ശോഭിത, സരിത പറയേരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ(പിഎസ്) അനി എബ്രഹാം, വനിത പോളിടെക്‌നിക് പ്രിൻസിപ്പൽ ഇൻചാർജ്ജ് ടി എസ് ജയശ്രീ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ ഉബൈബ, ജോയിന്റ് ഡയറക്ടർ ഇൻചാർജ്ജ് സി സ്വർണ്ണ, പിടിഎ വൈസ് പ്രസിഡന്റ് പി മുഹമ്മദ് റഫീഖ്, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് എൻ ബേബി ഗിരിജ, സ്റ്റാഫ് ക്ലബ് സെക്രട്ടറി എം എൻ സിന്ധു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.