സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ഓണത്തോടനുബന്ധിച്ച് കേരള സർക്കാർ എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. റേഷൻ കടകളിൽ നിന്ന് സൗജന്യ ഓണക്കിറ്റുകൾ നാളെ മുതൽ വിതരണം ചെയ്യും. രണ്ടാം തീയതിയോടെ വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാൻ മൂന്നും നാലും തീയതികളിലും കിറ്റുകൾ ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് വെള്ളക്കാർഡ് ഉടമകൾക്ക് 15 കിലോ അരിയും നീലക്കാർഡ് ഉടമകൾക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോ അരിയും സ്പെഷ്യൽ ആയി നൽകുന്നുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 25 രൂപ നിരക്കിൽ 20 കിലോ അരി അധികമായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അങ്ങനെ ഒരു വെള്ളക്കാർഡ് ഉടമയ്ക്ക് പരമാവധി 43 കിലോ അരി വരെ ലഭ്യമാകും.
ഇന്നലെ സംസ്ഥാനതലത്തിൽ സപ്ലൈക്കോയുടെ ഓണ ചന്തകൾ ആരംഭിച്ചു. ആ ചന്തകൾ ഇന്നലെ നല്ല തിരക്കാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ മാസത്തെ 168 കോടി രൂപയുടെ വിൽപ്പനയിൽ 60 കോടിയിലധികം സബ്‌സിഡി സാധനങ്ങളാണ് വിറ്റഴിഞ്ഞത്. അതുകൊണ്ട് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ മാറുന്നു. അത് ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള ഗവൺമെന്റ് ഇടപെടലുകളുടെ അംഗീകാരമാണ്. കഴിഞ്ഞ മാസം മാത്രം 82 ലക്ഷം കുടുംബങ്ങൾ റേഷൻ കടകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയപ്പോൾ, ഈ മാസം ഇന്നലെ ഉച്ചവരെ 64 ലക്ഷം കുടുംബങ്ങൾ സാധനങ്ങൾ വാങ്ങിയെന്ന് മന്ത്രി അറിയിച്ചു.
കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികാലങ്ങളിൽ സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്ന ധീരമായ നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചത്. ആ കാലയളവിൽ13 ഘട്ടങ്ങളിലായി 11.5 കോടി ഓണക്കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലായതിനാൽ 2021 മുതൽ ദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പദ്ധതി തുടരുന്നു.
തിരുവനന്തപുരം ജില്ലയിൽ തന്നെയുള്ള പൊടിയക്കാലയിൽ നിന്ന് കോട്ടൂരിലേക്ക് എത്താൻ ഏകദേശം 12 മുതൽ 13 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരും. 13 കിലോമീറ്റർ സഞ്ചരിച്ച് വന്ന് 35 കിലോ ഭക്ഷ്യധാന്യം വാങ്ങണമെങ്കിൽ, അതിന്റെ ചിലവ് ഒരു ആദിവാസി കുടുംബത്തിന് വഹിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ സർക്കാർ തന്നെ ഇടപെട്ട് അവിടത്തെ പ്രശ്‌നം പരിഹരിച്ചത്. ഞാൻ തന്നെ അവിടെ പോയി ഉദ്ഘാടനം നിർവഹിച്ചു. ഈ സർക്കാരാണ് 137 ഊരുകളിൽ റേഷൻ കടകൾ ആരംഭിച്ച്, സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന സംവിധാനം ഒരുക്കിയത്. കൂടാതെ കിടപ്പുരോഗികൾക്ക് വീടുകളിലെത്തിച്ചുള്ള ധാന്യവിതരണം, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കുന്നുണ്ട്.
പൊതുവിപണിയിലെ വിലവർദ്ധന നിയന്ത്രിക്കാൻ സർക്കാർ വെളിച്ചെണ്ണയുടെ വില കുറച്ചു. കേരഫെഡിന്റെ വെളിച്ചെണ്ണ കിലോയ്ക്ക് 445 രൂപയിൽ നിന്ന് 429 രൂപയായും മറ്റ് വെളിച്ചെണ്ണ 349 രൂപയിൽ നിന്ന് 339 രൂപയായും കുറഞ്ഞു. ഓണക്കാലത്ത് മുളകിന്റെ വിഹിതം 500 ഗ്രാമിൽ നിന്ന് ഒരു കിലോയാക്കി വർധിപ്പിക്കുകയും, ഓഗസ്റ്റ് മാസത്തെ വിഹിതം വാങ്ങാത്തവർക്ക് ഓഗസ്റ്റ്-സെപ്റ്റംബർ വിഹിതം ചേർത്ത് 2 കിലോ വാങ്ങാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
ഓണത്തിന് മുന്നോടിയായി കുടിശ്ശികയും നിലവിലുള്ളതുമായ രണ്ട് ഗഡു പെൻഷൻ 62 ലക്ഷം പേർക്ക് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മറ്റ് സംസ്ഥാന തൊഴിലാളികൾക്കും ഇവിടെ നിന്നുള്ള റേഷൻ ലഭ്യമാക്കാൻ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ, സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജർ സ്മിത എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.