
പത്തനംതിട്ട : പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്‍പനശാലകളെ ആശ്രയിച്ചു.
വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍. ജയശ്രീ അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ. ആര്‍. അജിത്കുമാര്‍ ആദ്യ വില്‍പന നടത്തി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എന്‍. രാധേഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ് ഇരട്ടപ്പുളിക്കല്‍, മുഹമദ് സാലി, ബി ഷാഹുല്‍ ഹമീദ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളും അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും ലഭിക്കും. ജില്ലയിലെ പ്രധാന സ്ഥലങ്ങളിള്‍ സഞ്ചരിക്കുന്ന ഓണചന്തയുടെ സേവനം ലഭിക്കും. ഓഗസറ്റ് 27 കോന്നി, 29, 30 അടൂര്‍, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തിരുവല്ല, മൂന്ന്, നാല് റാന്നി എന്നിങ്ങനെയാണ് പര്യടനം. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സമ്മാനപദ്ധതിയും ഓണക്കിറ്റും തയ്യാറാക്കിയിട്ടുണ്ട്. 18 ഇനങ്ങളോടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും ഒമ്പത് ഇനങ്ങളോടെ ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് ഓണം ഫെയര്‍.