+

ഓണത്തിന് മുന്നോടിയായി 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഓണത്തിന് സ്‌കൂൾ കുട്ടികൾക്കായുള്ള നാല് കിലോ ഗ്രാം അരിവിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

നമ്മുടെയെല്ലാം മനസ്സിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്ന ഓണം ഇതാ പടിവാതിൽക്കലെത്തി. ഇന്ന് നമ്മൾ ഇവിടെ തുടങ്ങിവെക്കുന്ന ഈ പദ്ധതി വെറുമൊരു ഔദാര്യമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ അവകാശമാണ്. ലോകം മുഴുവൻ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഐക്യരാഷ്ട്രസഭയും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുമെല്ലാം ഭക്ഷണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് അടിവരയിട്ട് പറയുന്നു. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്.

നമ്മുടെ രാജ്യത്ത് 'ഭക്ഷണം ഒരു മൗലികാവകാശമാണ്' എന്ന ആശയം സ്ഥാപിച്ചെടുക്കാൻ ഒരുപാട് പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് 2013-ൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാർലമെന്റ് പാസാക്കിയത്. ഈ നിയമം വഴി, ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു.

വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.

ഈ ലക്ഷ്യത്തോടെ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് അരി വിതരണം ചെയ്യുന്നത്. 12,024 സ്‌കൂളുകളിലായി 9,910 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നത്. ഈ വലിയ ഉദ്യമം ഒരു ടീം വർക്കാണ്. സ്‌കൂൾ അധികൃതരും പി.ടി.എ., മദർ പി.ടി.എ. കമ്മിറ്റികളും ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഈ അരി വിതരണം വെറുമൊരു സർക്കാർ പദ്ധതി മാത്രമല്ല, ഓരോ കുട്ടിക്കും ഈ സമൂഹത്തിൽ ലഭിക്കേണ്ട പരിഗണനയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണ്. ഓരോ കുട്ടിക്കും സമൃദ്ധമായ ഒരു ഓണമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ ചിത്ര എസ് സ്വാഗതമാശംസിച്ചു. ആന്റണി രാജു എം എൽ എ, വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

facebook twitter