
പാലക്കാട് : കാർഷികോത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കുമെന്നും ഇതിനുവേണ്ട പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ചിറ്റൂർ നിയോജക മണ്ഡലത്തിൽ 3035 കോടി രൂപയുടെ വികസനം നടപ്പാക്കിയതായും മന്ത്രി അറിയിച്ചു.
99.98 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 315 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭാഗമാണ് നിർമ്മിക്കുക. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർക്കുള്ള മുറികൾ, ഡൈനിങ് റൂം, റെക്കോർഡ് റൂം, സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ശുചിമുറികൾ എന്നിവ ഈ ഘട്ടത്തിൽ ഉൾപ്പെടും.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് പരിപാടിയില്‍ അധ്യക്ഷനായി. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെക്‌സ് ഫെലിക്‌സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പറുമാരായ മാധുരി പത്മനാഭന്‍,കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നിസാര്‍,കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. മധു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.ഭുവനദാസ്, ഷൈലജ പ്രദീപ്, സുകന്യ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ഷമിത, സെക്രട്ടറി എം. ബീന, തുടങ്ങിയവര്‍ പങ്കെടുത്തു.