
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ അട്ടപ്പാടിയില്‍ 400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും പുതൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഉമ്മത്താംപടി വരഗാര്‍പുഴ റെഗുലേറ്റര്‍ കം കോസ്‍വേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി.
മൂന്ന് റീച്ചുകളിലായിട്ടുള്ള അട്ടപ്പാടിയിലെ പ്രധാനപ്പെട്ട റോഡിന് 160 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. താവളം-മുള്ളി റോഡിന് 140 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഗവ. കോളേജിനും സ്‌കൂളുകള്‍ക്കുമായി 50 കോടി രൂപ, കോട്ടത്തറ ആശുപത്രിയ്ക്ക് 15 കോടി രൂപ എന്നിവയുള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
വരഗാര്‍ പുഴയ്ക്ക് കുറുകെയുള്ള ഉമത്താംപടിയിലെ റെഗുലേറ്റര്‍ കം കോസ്‍വേയിലൂടെ ഉന്നതി നിവാസികള്‍ക്ക് മഴക്കാലത്ത് വാഹനത്തിലൂടെയും അല്ലാതെയും പുഴ മുറിച്ച് കടക്കാന്‍ സാധിക്കും. റെഗുലേറ്റര്‍ വരുന്നതോടെ മഴക്കാലത്ത് ജലം സംഭരിക്കാനും കൃഷിയ്ക്കായി അത് പ്രയോജനപ്പെടുത്തുവാനും സാധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായി വലിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കകം രാജ്യത്തെ ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. നമ്മുടെ സമൂഹത്തില്‍ ഏറ്റവും പിന്‍ നിരയിലുള്ളവരെയാണ് സംസ്ഥാനസര്‍ക്കാര്‍ ആദ്യം പരിഗണിച്ചത്. സര്‍വെ നടത്തി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി ഒരോ കുടുംബത്തിന്റെ അതിദാരിദ്ര്യത്തിന്റെ കാരണമെന്താണെന്ന് നിര്‍ണ്ണയിച്ച് പ്രത്യേകം മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഗ്രാമപഞ്ചായത്തുകളാണ് ഈ മൈക്രോ പ്ലാനുകള്‍ നടപ്പിലാക്കിയത്. ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം 93 ശതമാനം കുടുംബങ്ങളേയും അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭൂരഹിതരായ എല്ലാവര്‍ക്കുമുള്ള ഭൂമി കണ്ടെത്തി കഴിഞ്ഞു. ഇത് പതിച്ചു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. അതിദരിദ്ര മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
പുതൂരില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.