തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം മൂന്ന് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കും. സംസ്ഥാനത്ത് നടക്കുന്ന സാഹസിക വിനോദസഞ്ചാര മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള കലണ്ടറിന് അനുസൃതമായിട്ടാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേതായ ഇന്റര്‍നാഷണല്‍ സര്‍ഫിങ് ഫെസ്റ്റിവല്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ വര്‍ക്കലയില്‍ നടക്കും. രണ്ടാമത് ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവെലിന് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ വേദിയാകും. മൗണ്ടെയ്ന് സൈക്ലിങ് മത്സരത്തിന്റെ ആഗോള ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ഇന്റര്‍നാഷണല്‍ മൗണ്ടെയ്ന് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എംടിബി കേരള-2025) എട്ടാം പതിപ്പ് ഈ വര്‍ഷം മാര്‍ച്ച് 28 മുതല്‍ 30 വരെ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ പ്ലാന്റേഷനില്‍ നടത്തും.
പാരാഗ്ലൈഡിങ്, സര്‍ഫിങ്, മൗണ്ടെയ്ന് സൈക്ലിങ് എന്നീ സാഹസിക വിനോദങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ പ്രധാന സര്‍ഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റവെലായ പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ വാഗമണിന്റെ സാഹസിക വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരും. ലോകമെമ്പാടുമുള്ള സൈക്ലിങ് പ്രേമികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ എംടിബിയുടെ കഴിഞ്ഞ എഡിഷനുകള്‍ക്ക് സാധിച്ചു. ഇത്തവണ ആഗോള തലത്തില്‍ കൂടുതല്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഈ ചാമ്പ്യന്ഷിപ്പിനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2025 കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ ദേശീയ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പ് ആണ് വര്‍ക്കലയില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സര്‍ഫിങ് അത്ലറ്റുകള് വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. എസ് യുപി ടെക്നിക്കല്‍ റേസ്, പാഡില്‍ബോര്‍ഡ് ടെക്നിക്കല്‍ റേസ്, എസ് യുപി സര്‍ഫിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി (കെഎടിപിഎസ്), തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച് സര്‍ഫിങ് ഫെഡറേഷന് ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിങ് അസോസിയേഷന് എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് സര്‍ഫിങ് കായിക വിനോദം അടുത്ത് പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരം ഈ ഫെസ്റ്റിവല്‍ നല്‍കും. വര്‍ക്കലയെ അന്തര്‍ദേശീയ സര്‍ഫിങ് ഡെസ്റ്റിനേഷനാക്കി മാറ്റാനും ചാമ്പ്യന്‍ഷിപ്പിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. സര്‍ഫിങ്ങില്‍ തുടക്കക്കാര്‍ക്കും വിദഗ്ധര്‍ക്കും പരിശീലിക്കുന്നതിനുള്ള സൗകര്യം വര്‍ക്കല ബീച്ചിലുണ്ട്. നിരവധി വിദേശ, ഇതര സംസ്ഥാന വിനോദ സഞ്ചാരികള്‍ വര്‍ക്കലയില്‍ സര്‍ഫിങ് ചെയ്യാന്‍ എത്തിച്ചേരുന്നു.
വാഗമണിലെ ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവെലില്‍ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും ഭാഗമാകും. 75 മത്സരാര്‍ത്ഥികള്‍ക്കായി നിജപ്പെടുത്തിയ മത്സരത്തില്‍ 40ല്‍പരം വിദേശ ഗ്ലൈഡര്‍മാര്‍ മത്സരിക്കും. 25-ലധികം രാജ്യങ്ങള്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്, സ്വിറ്റ്സര്‍ലാന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ് ലാന്‍ഡ്, ഭൂട്ടാന്, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്, കാനഡ, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം ഫെസ്റ്റിവെലില്‍ ഉണ്ടാകും.
വാഗമണ്‍ ഇന്റര്‍നാഷണല്‍ അക്യുറസി കപ്പ് 2025 പാരാഗ്ലൈഡിങ്ങിലെ മികച്ച ലാന്‍ഡിങ് കൃത്യത പ്രദര്‍ശിപ്പിക്കുകയും സാഹസിക വിനോദസഞ്ചാരത്തില്‍ കേരളത്തെ മുന്‍നിരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇവന്റാണ്. ഇതില്‍ ലോകമെമ്പാടുമുള്ള പാരാഗ്ലൈഡിങ് പൈലറ്റുമാരെ അവതരിപ്പിക്കും. ഈ മത്സരം അന്താരാഷ്ട്ര പങ്കാളികളെയും കാണികളെയും ആകര്‍ഷിക്കും. സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തിലേക്ക് ശ്രദ്ധയും നിക്ഷേപവും ഇത് സാധ്യമാക്കും.
കെഎടിപിഎസും ഇടുക്കി ഡിടിപിസിയും സംയുക്തമായി ഫെഡറേഷന് എയറോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ, ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിങ് സ്കൂള്‍ ഇന്ത്യ എന്നിവയുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
25 രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകളെയാണ് എംടിബി കേരള-2025 ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സൈക്ലിസ്റ്റുകളുടെ അമേച്വര്‍ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിലെ വിജയികളെ എംടിബി കേരള അന്താരാഷ്ട്ര മത്സരത്തില്‍ വിദേശ താരങ്ങളോടൊപ്പം മത്സരിപ്പിക്കും. മത്സരം നടക്കുന്ന അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള ട്രാക്ക് 3000 അടി ഉയരത്തിലാണ്. ചെളിയും പാറയും വെള്ളവും പോലെയുള്ള ഭൂപ്രദേശങ്ങളെ ഉള്‍ക്കൊള്ളുന്ന ക്രോസ് കണ്ട്രി മത്സരവിഭാഗം ചാമ്പ്യന്‍ഷിപ്പിലെ പ്രധാന ആകര്‍ഷണമാണ്.
സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ സ്പോര്‍ട്സ് സൈക്ലിങ്ങിന്റെ ഭരണസമിതിയായ യൂണിയന് സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെ എംടിബി ചാമ്പ്യന്‍ഷിപ്പ് കലണ്ടറില്‍ എംടിബി കേരള ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെഎടിപിഎസ്, വയനാട് ഡിടിപിസി, സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.