+

സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കര്‍ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റാന്‍ കഴിയുമെന്നും വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു


പാലക്കാട് : സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ഇതിലൂടെ 750 ഏക്കര്‍ ഭൂമി വ്യവസായ ഭൂമിയാക്കി മാറ്റാന്‍ കഴിയുമെന്നും വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം പ്രകാരം സ്വകാര്യ സംരംഭകരുമായി സഹകരിച്ച് നടപ്പാക്കുന്ന മുളഞ്ഞൂര്‍ ഹൈടെക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായരംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ സാദ്ധ്യതകള്‍, ഉത്പാദന ശേഷി എന്നിവ വളര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കേരളത്തിന്റെ പുതിയ കാഴ്ചപ്പാട് മറ്റു സംസ്ഥാനങ്ങള്‍  മാതൃകയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജില്ലയിലും വ്യവസായങ്ങള്‍ വരുന്നു എന്നതാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത.കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനം ലഭ്യമാക്കുന്നതിനായി ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. യുവതലമുറയ്ക്ക് നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പാലക്കാട് വ്യവസായം വളരുന്നതോടെ അത് ജില്ലയ്ക്ക് തന്നെ മികച്ച നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്തെ ഡിഫന്‍സ് പാര്‍ക്ക് മള്‍ട്ടി പാര്‍ക്ക് ആക്കുന്നതിനുള്ള തീരുമാനമെടുത്ത് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

കടമ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. നാടന്‍ കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിച്ച് വ്യവസായം ആരംഭിക്കാന്‍ തയ്യാറായാല്‍ അത് സാധാരണ കര്‍ഷകര്‍ക്ക് കൂടി ഉപകാരപ്രദമാകുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്കും ചെറുകിട വ്യാപാര മേഖലക്കും ഊര്‍ജ്ജം പകർന്ന് കിട്ടും.. വ്യവസായ വളര്‍ച്ചയില്‍ ഗുണനിലവാരമുള്ളതും തടസ്സമില്ലാത്തതുമായ വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.ചരിത്രത്തിലാദ്യമായി പകല്‍ സമയത്ത് വൈദ്യുതി നിരക്കില്‍ പത്ത് ശതമാനം കുറവ് വരുത്താനും കഴിഞ്ഞത് സര്‍ക്കാരിന്റെ വിജയമാണെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

മുളഞ്ഞൂര്‍ ഹൈടെക് ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാമുദ്ദീന്‍ അധ്യക്ഷനായി. കടമ്പൂര്‍ ഹൈടെക് ഇന്റസ്ട്രിയല്‍ പാര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജാഫര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിജയലക്ഷ്മി ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനീഷ്, ബേബി ഗിരിജ,
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ വ്യവസായ കേന്ദ്രം മേനേജിങ്ങ് ഡയറ്കടര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ഹൈടെക് ഇന്റസ്ട്രിയല്‍ മാനേജിങ് പാര്‍ട്നര്‍ ടി വി മമ്മു,  
കടമ്പൂര്‍ ഇന്‍സ്ട്രിയല്‍ പാര്‍ക്ക് മാനേജിങ്ങ് പാര്‍ട്ണര്‍ എന്‍ ഹംസ, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

facebook twitter