+

പിണറായി സർക്കാരിന്റെ കാലത്ത് പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പ്: മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്

പിണറായി വിജയൻ സർക്കാർ  അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് സംഭവിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാർ  അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് സംഭവിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. പാറശാല മണ്ഡലത്തിലെ കുടുവീട്ടിൽക്കടവ് പാലത്തിന്റെയും, മണക്കാല ആലച്ചൽക്കോണം ആനക്കുഴി പ്ലാംപഴിഞ്ഞി റോഡിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുവീട്ടിൽ കടവ് പാലം പാറശാല, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ്. ഈ സർക്കാർ അധികാരമേറ്റ് അഞ്ചുവർഷത്തിനുള്ളിൽ 100 പാലങ്ങൾ പണി പൂർത്തിയാക്കുകയെന്ന തീരുമാനമെടുത്ത് അതിനായി പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ നാല് വർഷം തികഞ്ഞപ്പോൾ തന്നെ 149 പലങ്ങളാണ്  ഇതിനോടകം പൂർത്തീകരിച്ച് തുറന്നുനൽകിയത്.

സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ പറയുകയും അത് കൃത്യമായും നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒന്നാമതാണെന്ന് മന്ത്രി പറഞ്ഞു. പൂഴനാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പാറശാല മണ്ഡലത്തിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട ആറ് പേർക്കുള്ള പട്ടയങ്ങളും മന്ത്രി വിതരണം ചെയ്തു.

പാറശാല-കാട്ടാക്കട നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കുടുവീട്ടിൽ കടവ് പാലം. കിഫ്ബിയുടെ ധനസഹായത്തോടെ അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെ 17.56 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എഫ്.ഡി.ആർ ഫണ്ടിൽ ഉൾപ്പെടുത്തി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡായ മണക്കാല-ആലച്ചൽകോണം- ആനക്കുഴി-പ്ലാംപഴിഞ്ഞി റോഡ് അഞ്ച് കോടി രൂപ അടങ്കലിൽ ബിഎം ബിസി നിലവാരത്തിലാണ് നവീകരിക്കുന്നത്.

 സി കെ ഹരീന്ദ്രൻ എം. എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.എൽ.എമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചെറുപുഷ്പം, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനിൽകുമാർ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

facebook twitter