സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റും: മന്ത്രി സജി ചെറിയാന്‍

08:15 PM May 20, 2025 |


ആലപ്പുഴ :  കലവൂര്‍ ഗവ. എച്ച് എസ് എസില്‍ ജൂണ്‍ രണ്ടിന് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രവേശനോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  

പ്രവേശനോത്സവ ഒരുക്കങ്ങളില്‍ സംതൃപ്തിക പ്രകടിപ്പിച്ച മന്ത്രി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി പ്രവേശനം നേടുന്ന പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കാനും സ്കൂള്‍ ആര്‍ട്ട് ഗ്രൂപ്പും സമഗ്രശിക്ഷ കേരളയുടെ അധ്യാപകരും ചേര്‍ന്ന് ക്ലാസ് മുറികള്‍ അലങ്കരിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് വീടുകളിലെത്തി രക്ഷിതാക്കളെ പ്രവേശനോത്സവത്തിലേക്ക് ക്ഷണിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിക്കും. പ്രവേശനോത്സവ ദിവസം വേദിക്ക് സമീപം പാര്‍ക്കിങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.  

യോഗത്തില്‍ പി.പി. ചിത്തരഞ്ജൻ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി. രാജേശ്വരി, എഡിഎം ആശാ സി എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ഡി പി സി എം.എസ്, വിനോദ്, ജനപ്രതിനിധികൾ, അധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യേഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.