കുവൈത്തില്‍ തട്ടിപ്പിലൂടെ പ്രവാസിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് ഇത്രയും തുക നഷ്ടമായത്. സംഭവത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജഹ്‌റ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.
പണം നഷ്ടപ്പെട്ടതായി കാണിച്ച് ജഹ്‌റ പോലീസ് സ്റ്റേഷനില്‍ പ്രവാസി പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്റെ മൊബൈല്‍ ഫോണ്‍ ബാലന്‍സ് തീര്‍ന്നുപോയെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ജഹ്‌റയിലെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ പോയിരുന്നു. അവിടെ അഞ്ച് ദിനാര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ അദ്ദേഹം കടയിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വരികയും കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ഇയാള്‍ കടയിലെ ജീവനക്കാരനോട് പിന്നീട് റീച്ചാര്‍ജ് ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെട്ട് തിരികെ പോവുകയുമായിരുന്നു.
ഇതിനായി തന്റെ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും നല്‍കി. റീചാര്‍ജ് പൂര്‍ത്തിയായെങ്കിലും അടുത്ത ദിവസം രാവിലെ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍, രാത്രി ഒറ്റയടിക്ക് 12 അനധികൃത പിന്‍വലിക്കലുകള്‍ നടത്തിയതായി പ്രവാസി കണ്ടെത്തി. അദ്ദേഹം ഉടന്‍ തന്നെ ബാങ്കിലേക്ക് എത്തി അന്വേഷിച്ചു. അവിടെ 12 വ്യത്യസ്ത ഇലക്ട്രോണിക് ഇടപാടുകളിലൂടെയോ ലിങ്കുകളിലൂടെയോ തന്റെ അക്കൗണ്ടില്‍ നിന്ന് മൊത്തം 10,200 കുവൈത്തി ദിനാറാണ് പോയതെന്ന് കണ്ടെത്തുകയായിരുന്നു.
പരാതിയില്‍ പറഞ്ഞിട്ടുള്ള കടയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.