വയനാട് : വെള്ളാർമല ഗവ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിനായി രണ്ട് കോടി ചെലവിൽ മേപ്പാടി ഗവ ഹയർ സെക്കൻഡറിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഏട്ട് ക്ലാസ് മുറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സം സാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിദുരന്തത്തിൽ നഷ്ടമായ വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിനോട് ചേർന്ന് 12 ക്ലാസ് മുറികളോടുകൂടി പുതിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കും. 3250 സ്ക്വയർ ഫീറ്റിൽ നാല് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഏപ്രിൽ അവസാനത്തോടെ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് ആധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികളും ശുചിമുറികളും നിര്‍മിച്ചത്.
ദുരന്തത്തെ എങ്ങനെ അതിജീവിക്കാമെന്ന സന്ദേശമാണ് വെള്ളർമല സ്കൂളിനായി ഒരുക്കിയ കെട്ടിടത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള തിരിച്ചുപിടിക്കല്ലാണ് സർക്കാർ നടത്തുന്നതെന്നും കുടുംബങ്ങൾക്ക് തിരിച്ചു നൽകാൻ സാധിക്കുന്നതെല്ലാം നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഉദ്ഘാടന പരിപാടിയിൽ മന്ത്രി പറഞ്ഞു.
ടി സിദ്ദിഖ് എം എൽ എ ബിൽഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ ആദരിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, എ ഡി എം കെ. ദേവകി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി , ഉപ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശശീന്ദ്രവ്യാസ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്മാന് പി.എന്‍ സുരേഷ്, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി മാധുരി, പി.ടി.എ പ്രസിഡന്റ് ടി. കെ നജുമുദ്ധീൻ, ജിതിൻ കണ്ടോത്ത്, പ്രോജക്ട് കൺവീനർ സതീഷ് കുമാർ, ജനപ്രതിനിധികള്‍,
ബില്‍ഡേഴ്സ് അസോസിയേഷന് പ്രതിനിധികള്‍, ഉദ്യോഗസ്ഥർ പങ്കെടുത്തു.