കേരളത്തിലെ ഫാക്ടറികളിൽ അപകടരഹിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപ്പേഷണൽ സേഫ്റ്റി & ഹെൽത്ത്' സുരക്ഷിതം 3.0 ക്ക് ഒക്ടോബർ 10ന് തുടക്കമാകുമെന്ന് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെമിനാറിനു മുന്നോടിയായി എറണാകുളം ടൗൺഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 10, 11 തീയതികളിൽ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന സർക്കാരിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 2030-ഓടെ അപകടരഹിതമായ സംസ്ഥാനം എന്ന ലക്ഷ്യം നേടാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെക്കാൻ സുരക്ഷിതം 3.0 വേദി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും . ഫാക്ടറികളിൽ നിന്നുള്ള പ്രതിനിധികൾ, സേഫ്റ്റി ഓഫീസർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി അറുനൂറോളം പേർ സെമിനാറിന്റെ ഭാഗമാകും. തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും പുതിയ ആശയങ്ങൾ പങ്കുവെക്കുന്നതിനും സെമിനാർ സഹായകമാകും.
പരിപാടി വിജയകരമാക്കുന്നതിൽ സ്വാഗത സംഘത്തിന് നിർണായക പങ്കുണ്ടെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ പരിപാടി വൻ വിജയമാക്കുമെന്നും മന്ത്രി പറഞ്ഞു.'സുരക്ഷിതം 3.0 അനുബന്ധിച്ചുളള ബ്രോഷർ യോഗത്തിൽ മന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനുമായാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, എം.പിമാർ, എം.എൽ.എമാർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ എം അനിൽകുമാറാണ് വർക്കിംഗ് ചെയർമാൻ. തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് ജനറൽ കൺവീനറും, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് കൺവീനറുമാണ്. പൊതുമേഖല, ഫാക്ടറി സി.ഇ.ഒ മാർ, ട്രേഡ് യൂണിയൻ നേതാക്കൾ, വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളാകും.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അധ്യക്ഷനായ യോഗത്തിൽ എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ എം അനിൽകുമാർ, മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, തൊഴിൽ നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, പൊതുമേഖല സ്ഥാപനങ്ങളുടെ ജനറൽ മാനേജർമാർ, മർച്ചന്റ്സ് യൂണിയൻ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.