കൊല്ലം : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത്പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക്കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെയും, ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റിന്റെയും, മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മരുന്നുകുറിക്കല്‍, ലാബ്പരിശോധനാറിപ്പോര്‍ട്ട് തുടങ്ങിയവ കടലാസ് രഹിതമാക്കി രോഗികളുടെ ചികിത്സാവിവരം ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്നതരത്തില്‍ പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ച് 'നിര്‍ണയ ലബോറട്ടറി ശൃംഖല' പ്രാബല്യത്തില്‍വരും. രോഗചികിത്സക്കൊപ്പം പ്രതിരോധത്തിന് പ്രധാന്യംനല്‍കിയുള്ളരീതിയാണ് നടപ്പാക്കുക. ബ്ലോക്കിന്റെ ജനകീയാരോഗ്യകേന്ദ്രം എല്ലാ ചൊവ്വാഴ്ചകളും സ്ത്രീകളുടെ ക്ലിനിക്കായി പ്രവര്‍ത്തിക്കും.രോഗികളുടെ കൂട്ടായ്മയ്ക്ക് 'പേഷ്യന്റ് ക്ലബ്ബുകള്‍' രൂപീകരിക്കും. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനാണ് പൊതുജനാരോഗ്യ യൂണിറ്റ് ആരംഭിച്ചത്. നെടുമ്പന കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ലാബില്‍ 80 ഓളം പരിശോധനകള്‍നടത്താന്‍ സൗകര്യംഒരുക്കിയിട്ടുണ്ടെന്നും ഒഴിവുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജീവനക്കാരെനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
37.5 ലക്ഷം രൂപ ചിലവിലാണ് നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. 27.5 ലക്ഷം വിനിയോഗിച്ച് ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റും, ഏഴ് ലക്ഷം രൂപ ചെലവില്‍ മീയണ്ണൂരിലെ ജനകീയാരോഗ്യ കേന്ദ്രവും ഒരുക്കി.
പി സി വിഷ്ണുനാഥ് എം. എല്‍ എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ഹുസൈന്‍, സ്ഥിരംസമിതി അധ്യക്ഷരായ ജിഷ അനില്‍, പി സുശീല, ബ്ലോക്ക്-ഗ്രാമപഞ്ചയാത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം എസ് അനു, ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.